സഞ്ജു 91 റണ്‍സടിച്ചപ്പോള്‍ പിന്നീട് വന്നവരില്‍ വിഷ്ണു വിനോദ്(14) മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നേരിട്ട ആദ്യ പന്തില്‍ നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ വി എ ജഗദീഷും പൂജ്യത്തിന് പുറത്തായി.

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 151 റണ്‍സിന്റെ കനത്ത തോല്‍വി. ജയിക്കാന്‍ 368 റണ്‍സ് വേണ്ടിയിരുന്ന കേരളം അവസാന ദിവസം 217 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫും സഞ്ജു സാംസണും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും സിജോമോന്‍ ജോസഫിനെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി ടി നടരാജന്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. സ്കോര്‍ തമിഴ്നാട് 268, 252/7, കേരളം 152, 217.

സഞ്ജു 91 റണ്‍സടിച്ചപ്പോള്‍ പിന്നീട് വന്നവരില്‍ വിഷ്ണു വിനോദ്(14) മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നേരിട്ട ആദ്യ പന്തില്‍ നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ വി എ ജഗദീഷും പൂജ്യത്തിന് പുറത്തായി. എട്ടു റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി നടരാജന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോറും ബാബ അപരാജിതും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ തമിഴ്നാടിന് ആറ് പോയന്റ് ലഭിച്ചു. തോറ്റെങ്കിലും അഞ്ച് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒറു സമനിലയും അടക്കം 13 പോയന്റുള്ള കേരളം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. 11 പോയന്റുള്ള തമിഴ്നാട് അഞ്ചാം സ്ഥാനത്താണ്.