റാഷിദിന്റെ നാടായ കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പലര്‍ക്കും ജീവഹാനിയുണ്ടായിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്‌ഫോടനത്തില്‍ മരിച്ച അഫ്ഗാന്‍ ജനതയ്ക്ക് സമര്‍പ്പിച്ച് റാഷിദ് ഖാന്‍. റാഷിദിന്റെ നാടായ കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പലര്‍ക്കും ജീവഹാനിയുണ്ടായിരുന്നു.

നേരത്തെ റാഷിദ് ഖാന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് ഐപിഎല്‍ ഫൈനലില്‍ ഇടം നല്‍കിയത്. 10 പന്ത് മാത്രം നേരിട്ട റാഷിദ് ഖാന്‍ 34 റണ്‍സെടുത്തിരുന്നു. പിന്നീട് ബൗളിങ്ങില്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും താരം നേടിയിരുന്നു. രണ്ട് ക്യാച്ചും ഒരു റണ്ണൗട്ടും റാഷിദിന്റെ വകയായിരുന്നു. 

റാഷിദിന്റെ പ്രകടനത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പുകഴ്ത്തിയിരുന്നു. ലോകത്തെ മികച്ച ട്വിന്റി20 സ്പിന്നറെന്നാണ് സച്ചിന്‍ റാഷിദിനെ കുറിച്ച് പറഞ്ഞത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും റാഷിദിനെ പുകഴ്ത്തിയിരുന്നു. രാജ്യത്തിന്റെ ഹീറോയാണ് റാഷിദെന്നാണ് ഗനി 19കാരനെ കുറിച്ച് പറഞ്ഞത്.