19 വയസ്സും 165 ദിവസവുമാണ് ക്യാപ്റ്റനാകുമ്പോള്‍ റാഷിദ് ഖാന്റെ പ്രായം.

ഒടുവില്‍ അഫ്ഗാനിസ്ഥാന്റെ നായകന്‍ റാഷിദ് ഖാനെതേടി ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ്. സ്‌കോട്ട്‌ലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നയിച്ചാണ് റാഷിദ് ഖാന്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റാഷിദ് ഖാന്‍. 19 വയസ്സും 165 ദിവസവുമാണ് ക്യാപ്റ്റനാകുമ്പോള്‍ റാഷിദ് ഖാന്റെ പ്രായം. സിംബാവേയെ നയിച്ച തദേന്ദു തയ്ബുവിന്റെ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ മറികടന്നത്. 2004 ല്‍ ശ്രീലങ്കയ്‌ക്കെതിരെ സിംബാവേയുടെ നായകനാകുമ്പോള്‍ തദേന്ദു തയ്ബുവിന് 20 വയസ്സായിരുന്നു പ്രായം. 

അഫ്ഗാനിസ്ഥാന് വേണ്ടി 36 ഏകദിനമത്സരങ്ങളും 29 ടി20 മത്സരങ്ങളുമാണ് റാഷിദ് ഖാന്‍ കളത്തിലിറങ്ങിയത്. ചുരുങ്ങിയ മത്സരങ്ങള്‍ കളിച്ചു കൊണ്ട് തന്നെ ഇരു ഫോര്‍മാറ്റുകളിലും റാങ്കിംഗില്‍ ഒന്നാമതുമെത്തി താരം. നിലവില്‍ 52 മത്സരങ്ങളില്‍ നിന്ന് ആദ്യ 100 വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡ്. ഇത് മറികടക്കാന്‍ ഇനി 15 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ മാത്രം മതി റാഷിദ് ഖാന്.

അഫ്ഗാനിസ്ഥാന്റെ സ്ഥിരം നായകന്‍ അസ്ഗര്‍ സ്റ്റാനിക്‌സായിക്ക് അപ്പന്‍ഡിക്‌സ് സര്‍ജറി കഴിഞ്ഞത് കാരണം വിശ്രമത്തിലാണ്. അതു കൊണ്ടാണ് റാഷിദ് ഖാനെ നായകനായി അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചത്. പത്തുദിവസമാണ് സ്റ്റാനിക്‌സായിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളത്.