ടി20യില്‍ ചരിത്രം കുറിക്കാനൊരുങ്ങി റഷീദ് ഖാന്‍. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാകാന്‍ ഒരുങ്ങുകയാണ് റഷീദ്. 

സിഡ്‌നി: ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനൊരുങ്ങി അഫ്ഗാന്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാകാന്‍ ഒരുങ്ങുകയാണ് റഷീദ്. ഈ വര്‍ഷം 92 വിക്കറ്റുകള്‍ നേടിയിട്ടുള്ള റഷീദാണ് ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം. അന്താരാഷ്ട്ര- ലീഗ് ടി20 മത്സരങ്ങളിലെ വിക്കറ്റുകളുടെ ആകെ കണക്കാണിത്.

2016ല്‍ 87 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഡ്വെയ്‌ന്‍ ബ്രാവോയുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. എന്നാല്‍ ബ്രാവേ 72 മത്സരങ്ങളില്‍ നിന്ന് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ വെറും 57 മത്സരങ്ങളിലാണ് അഫ്‌ഗാന്‍ സ്‌പിന്നര്‍ 92 പേരെ പുറത്താക്കിയത്. 2018ല്‍ ഏഴ് ടി20 ലീഗുകളിലാണ് റഷീദ് ഖാന്‍ കളിച്ചത്.

നിലവില്‍ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന റഷീദിന് അനായാസം ഈ നേട്ടത്തിലെത്താനാകും എന്നാണ് വിലയിരുത്തല്‍.