കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ കോലിയാണോ ധോണിയാണോ മികച്ച നായകനെന്ന് ശാസ്ത്രിയോട് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളു. ധോണി തന്നെ. മികച്ച ട്രാക്ക് റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രി ധോണിയെ മികച്ച നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍ കോലിയും ധോണിയുടെ പാതയില്‍ തന്നെയാണെന്നും ശാസ്ത്രി വ്യക്തമാക്കി.

രണ്ട് ലോക കിരീടങ്ങള്‍, ഒരു തവണ ലോക ട്വന്റി-20യിലെ രണ്ടാം സ്ഥാനം, രണ്ട് തവണ ലോക ട്വന്റി-20യിലെ സെമി ഫൈനലിസ്റ്റുകള്‍ എന്നിങ്ങനെ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ തന്നെ ധോണിതന്നെയാണ് എക്കാലത്തെയും മികച്ച നായകനെന്ന് വ്യക്തമാവുമെന്നും ഒരു ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. എന്നാല്‍ നിലവിലെ നായകന്‍ വിരാട് കോലി ധോണിയുടെ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

നേരത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരെ ശാസ്ത്രി തെരഞ്ഞെടുത്തപ്പോഴും ധോണിയെയാണ് മികച്ച നായകനായി തെരഞ്ഞെടുത്തത്. അന്ന് ഗാംഗുലിയുടെ പേര് മനപ്പൂര്‍വം ഒഴിവാക്കിയതിനെതിരെ ഏറെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.