ദില്ലി: രവി ശാസ്ത്രിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?. ഒരാള്‍ ക്രിക്കറ്റ് താരവും മറ്റെയാള്‍ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമൊക്കെയാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ശാസ്ത്രിയും മന്‍മോഹന്‍ സിംഗും തമ്മിലുള്ള ബന്ധം അവര്‍ കണ്ടെത്തിയതെന്ന് മാത്രം.
കോലിയുടെ നോമിനിയായ ശാസ്ത്രി പരിശീലകനായാല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ പോലെയാകുമെന്ന പരോക്ഷ പരിഹാസമാണ് അരാധകര്‍ ഇപ്പോള്‍ നടത്തുന്നത്. ശാസ്ത്രിയെ തെരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് കോച്ചിനെ തെരഞ്ഞെടുക്കലാവില്ലെന്നും അത് കോലിയ്ക്ക് ഒരു വേലക്കാരനെ നല്‍കുന്നതിന് തുല്യമാവുകയേയുള്ളൂവെന്നുവരെ ആറാധകര്‍ വിമര്‍ശിക്കുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി അംഗങ്ങളാണ് ഇന്ത്യന്‍ പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.
