മുംബൈ: ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെ നിയമിച്ച ഉപദേശക സമിതി തീരുമാനത്തില്‍ ഉടക്കുമായി കോച്ച് രവി ശാസ്ത്രി. സഹീറിനെ ബൗളിംഗ് ഉപദേശകനാക്കിയതില്‍ ശാസ്ത്രിക്ക് എതിര്‍പ്പില്ലെങ്കിലും നിലവിലെ ബൗളിംഗ് പരിശീലകനായ ഭരത് അരുണിനെക്കൂടി സപ്പോര്‍ട്ട് സ്റ്റാഫില്‍ വേണമെന്നാണ് ശാസ്ത്രിയുടെ നിലപാട്.
എന്നാല്‍ ശാസ്ത്രി ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെ നല്‍കാനാവില്ലെന്ന് ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സഹീറിനെ ബൗളിംഗ് കോച്ചായി നിയമിച്ചത്. എന്നാല്‍ സഹീര്‍ തുടര്‍ന്നാലും അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരത് അരുണിനെ നിലനിര്‍ത്തണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം. ഇതിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മൗനാനുവാദവുമുണ്ട്.
ടീമിനൊപ്പം മുഴുവന്‍ സമയവും സഹീറിന്റെ സേവനം ലഭ്യമാകാനിടയില്ലെന്നാണ് ഇതിന് ശാസ്ത്രി പറയുന്ന ന്യായീകരണം. ഉപദേശകരെന്ന നിലയില്‍ സഹീറിന്റെയും ദ്രാവിഡിന്റെയും സേവനം എല്ലായ്പ്പോഴും ലഭ്യമാകില്ലെന്നും അതിനാല്‍ മുഴുവന്‍സമയ ബൗളിംഗ് കോച്ചെന്ന നിലയില്‍ ഭരത് അരുണിന നിലനിര്‍ത്തണമെന്നും ശാസ്ത്രി ആവശ്യപ്പെടുന്നു. 2014ലാണ് ജോ ഡേവിസിന് പകരക്കാരനായി ഭരത് അരുണ്‍ ടീമിന്റെ ബൗളിംഗ് കോച്ചായത്. ഈ സമയത്ത് ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി. 2016വരെ ഭരത് അരുണ്‍ ബൗളിംഗ് കോച്ചായി തുടര്‍ന്നു.
അണ്ടര്‍19 കാലം മുതലേ ശാസ്ത്രിയും ഭരത് അരുണും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായിരുന്ന ഭരത് അരുണിനെ ശാസ്ത്രിയുടെ ശുപാര്‍ശയിലാണ് 2014ല്‍എ ന്‍ ശ്രീനിവാസന്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചത്.
