ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ രവി ശാസ്‌ത്രി - സൗരവ് ഗാംഗുലി വാക് പോര് തുടരുന്നു. ഗാംഗുലിയുടെ ജന്മദിനമായ കഴിഞ്ഞദിവസം ദാദ വീണ്ടും രവി ശാസ്‌ത്രിക്കെതിരെ രംഗത്തുവന്നു. രവി ശാസ്‌ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നാണ് ഗാംഗുലി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്‌ത്രി ഇക്കാര്യം പറഞ്ഞത്. ബാങ്കോക്കില്‍ വിനോദയാത്രയിലായിരുന്ന രവിശാസ്‌ത്രി സ്‌കൈപ്പ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഇത് ശരിയാണോയെന്നും ഗാംഗുലി ചോദിച്ചു. പ്രധാനപ്പെട്ട ഒരു സ്ഥാനത്തേക്കുള്ള അഭിമുഖമാണ് നടന്നത്. അവിടെ നേരിട്ടു വരാനുള്ള മാന്യതയെങ്കിലും രവി കാണിക്കണമായിരുന്നുവെന്നും ഗാംഗുലി മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ രവി ശാസ്‌ത്രി തയ്യാറായിട്ടില്ല.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തില്‍ അനില്‍ കുംബ്ലെയും രവി ശാസ്‌ത്രിയുമാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്. പിന്നീട് അനില്‍ കുംബ്ലെ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ തന്റെ ഊഴം എത്തിയപ്പോള്‍ ഗാംഗുലി വിട്ടുനിന്നുവെന്നാണ് ശാസ്‌ത്രി ആരോപിച്ചത്. ബിസിസിഐ ഉപദേശക സമിതി അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്വം ഗാംഗുലി വേണ്ടരീതിയില്‍ നിര്‍വ്വഹിച്ചിരുന്നില്ലെന്നും രവി ശാസ്‌ത്രി പറഞ്ഞിരുന്നു. ഗാംഗുലിയുടെ ഈ നിലപാട് തന്റെ അവസരം നഷ്‌ടമാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു ഇതിന് മറുപടിയുമായി ഗാംഗുലി രംഗത്തെത്തിയതോടെയാണ് രവി ശാസ്‌ത്രി - ഗാംഗുലി വാക് പോര് രൂക്ഷമായത്. രവി ശാസ്‌ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.
