ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത അനില്‍ കുംബ്ലയുടെ റെക്കോര്‍ഡ് മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആര്‍.അശ്വിന്‍. ഓസ്‍ട്രേലിയക്കെതിരെ മികച്ച പ്രകടനം തുടരുമെന്നും ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.

ടെസ്റ്റില്‍ 619 വിക്കറ്റ് നേടി ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായ കുംബ്ലെയെക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ വീഴ്ത്തിയാല്‍ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും അതെന്നും അശ്വിന്‍ പറഞ്ഞു. വൈകി ക്രിക്കറ്റില്‍ എത്തിയ തനിക്ക് മുത്തയ്യാ മുരളീധരന്റെ 800 വിക്കറ്റ് മറികടക്കാനാവില്ലെന്നും അശ്വിന്‍ പറഞ്ഞു. ഞാനൊരു ഭിക്ഷക്കാരാനായാണ് ജനിക്കുന്നതെങ്കില്‍ പോലും നഗരത്തിലെ ഏറ്റവും മികച്ച ഭിക്ഷക്കാരനായിരിക്കും. അതിനുശേഷം രാജ്യത്തെ മികച്ച ഭിക്ഷക്കാരനാവും എന്റെ ശ്രമം. മുന്‍വിധികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അരങ്ങേറിയശേഷം ഇന്ത്യ നേടിയ ജയങ്ങളിലെല്ലാം എന്റെ കൈയൊപ്പുണ്ടായിരുന്നു. അഹങ്കാരത്തോടെയല്ല ഇത് പറയുന്നത്. ആത്മവിശ്വാസത്തോടെയാണ്.

ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ എന്റെ കഴിവിന്റെ 60-70 ശതമാനത്തോളം പ്രകടനം മാത്രമെ പുറത്തെടുക്കാനായിട്ടുള്ളു. തന്നെ നേരിടാന്‍ പദ്ധതിയുണ്ടെന്ന വാര്‍ണറുടെ പ്രസ്താവന കണ്ടിരുന്നുവെന്നും എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ വാര്‍ണര്‍ക്കെതിരെ താന്‍ അത്തരം പദ്ധതികളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. സ്റ്റീവന്‍ സ്മിത്തായിരിക്കും ഓസീസ് ബാറ്റിംഗിന്റെ നട്ടെല്ല്.

ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയാണിപ്പോള്‍ ആര്‍ അശ്വിന്‍. 45 ടെസ്റ്റുകളില്‍ വീഴ്ത്തിയത് 254 വിക്കറ്റുകള്‍. ഏറ്റവും കുറഞ്ഞ ടെസ്റ്റില്‍ 250 വിക്കറ്റ് നേടിയതിന്റെ ലോക റെക്കോര്‍ഡും അശ്വിന്റെ പേരിലാണ്. മുപ്പതുകാരനായ അശ്വിന്‍ 105 ഏകദിനങ്ങളില്‍ നിന്ന്145 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നാല് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും അശ്വിന്‍റെ പേരിനൊപ്പമുണ്ട്.