ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണി 100-ാം അര്‍ദ്ധസെഞ്ചുറി നേടിയതിനു പിന്നാലെ വിമര്‍ശകരെ കണക്കിന് പരിഹസിച്ച് രവീന്ദ്ര ജഡേജ. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ധോണി വിമര്‍ശകരോട് ഒരു മിനുറ്റ് മൗനം ആചരിക്കാനാണ് ജഡേജയുടെ ഉപദേശം.
88 പന്തുകളില്‍ നിന്ന് 79 റണ്‍സ് നേടിയ ധോണിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. പ്രിയ ഗ്രൗണ്ടായ ചെപ്പോക്കില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 100.2 ശരാശരിയില്‍ 401 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ധോണിയെ ചെപ്പോക്കിലെ ആരാധകര്‍ തലയെന്ന് വിളിക്കുന്നത് ഇതിനാലാണെന്നും ജഡേജ പറയുന്നു.
