റാഞ്ചി: അഞ്ച് വിക്കറ്റ് വീഴ്‌ത്തി ഓസീസിനെ വട്ടംകറക്കിയ രവീന്ദ്ര ജഡേജയുടെ ബൗളിംഗാണ് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 451 റണ്‍സിലെങ്കിലും അവസാനിപ്പിച്ചത്. അശ്വിന് രണ്ടാം ടെസ്റ്റിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ജഡേജയും ഉമേഷ് യാദവുമായിരുന്നു ഇന്ത്യയുടെ ബൗളിംഗ് കുന്തമുനകളായത്. അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമായി മാത്യു വെയ്ഡും സ്റ്റീവ് ഒക്കീഫേയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് മികച്ച പങ്കാളികളായപ്പോള്‍ ഇന്ത്യ ഒരുഘട്ടത്തില്‍ വെള്ളം കുടിച്ചതാണ്.

Add Asianetnews as a Preferred SourcegooglePreferred

ഒടുവില്‍ ഹേസല്‍വുഡിനെ കൂട്ടുനിര്‍ത്തി സ്മിത്ത് ഡബിള്‍ സെഞ്ചുറിയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ ധോണി സ്റ്റൈല്‍ റണ്ണൗട്ടിലൂടെ ഹേസല്‍വുഡിനെ റണ്ണൗട്ടാക്കി ജഡേജ ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. ഏകദിനങ്ങളില്‍ നിരവധി തവണ ഇത്തരത്തില്‍ ബാറ്റ്സ്മാന്‍മാരെ റണ്ണൗട്ടാക്കിയിട്ടുള്ള ധോണിയെ വൃദ്ധിമാന്‍ സാഹയും അനുകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജഡേജയും ധോണി സ്റ്റൈല്‍ കടമെടുത്തിരിക്കുന്നു. രണ്ടാം റണ്ണിനായി ഓടിയ ഹേസല്‍വുഡിനെ രാഹുലിന്റെ ത്രോയിലാണ് ജഡേജ റണ്ണൗട്ടാക്കിയത്.