അരങ്ങേറ്റ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 32.77 ശരാശരിയിലും 136.57 സ്ട്രൈക്ക് റേറ്റിലും 295 റൺസാണ് കാർത്തിക് നേടിയത്.

ചെന്നൈ: ഐ.പി.എൽ മിനി താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് നിർദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ടീമിലെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമ്മയെ ഒഴിവാക്കി കുറഞ്ഞ തുകയ്ക്ക് തിരിച്ചെടുക്കണമെന്ന് ശ്രീകാന്ത് പറഞ്ഞു. 2026-ലെ ലേലത്തിൽ 14.2 കോടി രൂപയ്ക്കാണ് 20-കാരനായ കാർത്തിക്കിനെ സി.എസ്.കെ സ്വന്തമാക്കിയത്. എന്നാൽ ഈ ഉയർന്ന തുകയ്ക്ക് അനുയോജ്യമായ വിപണി മൂല്യം കാര്‍ത്തിക് ശര്‍മക്കില്ലെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

മാത്യൂ ഷോർട്ട്, സാക്ക് ഫൗൾക്സ്, പ്രശാന്ത് വീർ, മാറ്റ് ഹെൻറി എന്നിവരെ ചെന്നൈ ഉറപ്പായും ഒഴിവാക്കും. ഞാൻ സി.എസ്.കെ മാനേജ്‌മെന്‍റിൽ ഉണ്ടെങ്കിൽ കാർത്തിക് ശർമ്മയെയും റിലീസ് ചെയ്യും. തുടർന്ന് കുറഞ്ഞ തുകയ്ക്ക് അവനെ തിരിച്ചെടുക്കാൻ ശ്രമിക്കും. 5.5 കോടി രൂപയ്ക്ക് വേണമെങ്കിൽ അയാളെ വീണ്ടും വാങ്ങാം; നിലവിലെ ടീം ഘടന വെച്ച് മറ്റൊരു ടീമും കാര്‍ത്തിക് ശര്‍മക്കായി 14 കോടിയൊന്നും മുടക്കാന്‍ തയാറാവില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

അരങ്ങേറ്റ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 32.77 ശരാശരിയിലും 136.57 സ്ട്രൈക്ക് റേറ്റിലും 295 റൺസാണ് കാർത്തിക് നേടിയത്. ലക്നൗവിനെതിരെയുള്ള 71 റൺസ് ഉൾപ്പെടെ രണ്ട് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 20കാരനാ കളിക്കാരനില്‍ നിന്ന് ഇത് മികച്ച പ്രകടനമാണെങ്കിലും, 14.2 കോടി രൂപ എന്ന തുക സിഎസ്കെയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് വിലയിരുത്തൽ. ഡൽഹി ക്യാപിറ്റൽസിൽ നിന്ന് അക്സർ പട്ടേൽ, അശുതോഷ് ശർമ്മ എന്നിവരെ ചെന്നൈയിലെത്തിക്കാനും ഡെവാൾഡ് ബ്രെവിസ്, നൂർ അഹമ്മദ് എന്നിവരെ പകരം ഡൽഹിക്ക് കൊടുക്കാനുമുള്ള കൈമാറ്റ ചർച്ചകളും സജീവമാണ്. എന്നാൽ ബ്രെവിസിനെ കൈവിടുന്നതിനെ ശ്രീകാന്ത് ശക്തമായി എതിർത്തു.

ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് ബ്രെവിസെന്നും, അക്സർ പട്ടേൽ സിഎസ്കെയ്ക്ക് നല്ലൊരു ഓപ്ഷനാണെങ്കിലും ബ്രെവിസിനെ നൽകി ആ ട്രേഡ് നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. സിഎസ്കെ ബാറ്റിങ് നിരയുടെ പ്രധാന കരുത്തായ ബ്രെവിസിനെ ഒരു കാരണവശാലും ഒഴിവാക്കരുതെന്ന് ശ്രീകാന്ത് പറഞ്ഞു. നവംബർ 5-ന് സൺറൈസേഴ്സ് ഹൈദരാബാദുമായി സി.എസ്.കെ നടത്തിയ കളിക്കാരുടെ കൈമാറ്റത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. ലിവിങ്സ്റ്റൺ (6 കോടി), ജാക്ക് എഡ്വേർഡ്സ് (3 കോടി) എന്നിവരെ സി.എസ്.കെ വാങ്ങിയപ്പോൾ ഖലീൽ അഹമ്മദ് (4.8 കോടി), നാഥൻ എല്ലിസ് (2 കോടി) എന്നിവർ ഹൈദരാബാദിലേക്ക് മാറി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ ട്രേഡ് ഒറ്റനോട്ടത്തിൽ സൺറൈസേഴ്സിന് ഗുണം ചെയ്തതുപോലെ തോന്നുമെങ്കിലും, സി.എസ്.കെ മാനേജ്‌മെന്റിന്‍റെ മനസ്സിൽ ഇതിലും വലിയ മറ്റെന്തോ പദ്ധതികൾ ഉണ്ടെന്ന് ശ്രീകാന്ത് പറഞ്ഞു. പുതിയ പേസ് നിരയെ കെട്ടിപ്പടുക്കാനുള്ള നീക്കമായിരിക്കും ഇതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം വർഷവും പ്ലേഓഫ് കാണാതെ പുറത്തായ സി.എസ്.കെയെ ഇത്തവണ മുൻ ഇന്ത്യൻ പേസർ സഹീർ ഖാന്‍റെ പരിശീലക സംഘമാണ് ലേലത്തിലേക്ക് നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക