യോ യോ ടെസ്റ്റാണ് റായ്ഡുവിന് വിനയായത് 2015ന് ശേഷം ആദ്യമായി റെയ്ന ഏകദിന ടീമില്‍

മുംബെെ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമല്‍ നിന്ന് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കി. സുരേഷ് റെയ്നെയാണ് റായിഡുവിന്‍റെ പകരക്കാരന്‍. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റായ്ഡുവിനെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍, വെള്ളിയാഴ്ച നടന്ന ഫിറ്റ്നസ് പരിശോധിക്കുന്ന യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ചെന്നെെ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക സ്വാധീനമായ റായ്ഡു ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ഇപ്പോള്‍ യോ യോ ടെസ്റ്റ് പാസാകണമെന്ന് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമിയും സഞ്ജു സാംസണും പരാജയപ്പെട്ടതിനാല്‍ ടീമിലേക്ക് പരിഗണിച്ചില്ല. സഞ്ജുവിന്‍റെ ഇന്ത്യ എ ടീമിലുള്ള സ്ഥാനവും ഇതോടെ തെറിച്ചിരുന്നു. ഏകദിന ടീമിലേക്ക്ഏറെ കാലമായി പരിഗണിക്കപ്പെടാതിരുന്ന റെയ്നയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതോടെ സജീവമായി.

2015 ഒക്ടോബറിലാണ് അവസാനമായി റെയ്ന ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചത്. മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ഇല്ലാത്തതിനാല്‍ ടീമിലെ സ്ഥാനത്തിനായി കെ.എല്‍. രാഹുലുമായും ദിനേശ് കാര്‍ത്തിക്കുമായുമാണ് റെയ്ന മത്സരിക്കേണ്ടി വരിക.