ബംഗലൂരു: കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന പോരാട്ടം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇനി ആരാധകര്‍ മറന്നാലും വിരാട് കോലിയുടെ ബംഗലൂരുവിന് അതെളുപ്പം മറക്കാനാവില്ല. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 131 റണ്‍സ് മാത്രം അടിച്ചപ്പോള്‍ കോലിയും ഡിവില്ലിയേഴ്സും ഗെയ്ലും എല്ലാം അടങ്ങുന്ന ബംഗലൂരുവിന്റെ ബാറ്റിംഗ് നിര 9.4 ഓവറില്‍ വെറും 49 റണ്‍സിനാണ് ഓള്‍ ഔട്ടായത്.

അന്ന് ബംഗലൂരുവിനെ എറിഞ്ഞിടാന്‍ നേതൃത്വം കൊടുത്തവരാകട്ടെ നഥാന്‍ കോള്‍ട്ടര്‍നൈലും ഉമേഷ് യാദവും ക്രിസ് വോക്സും കോളിന്‍ ഡി ഗ്രാന്‍ഹോമും ആയിരുന്നു. കോള്‍ട്ടര്‍ നൈല്‍, ഉമേഷ് യാദവ്, ഗ്രാന്‍ഡ്ഹോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റെടുത്തു. ഇത്തവണത്തെ താരലേലത്തില്‍ ബംഗലൂരു അതിന് മധുരമായി പകരം വീട്ടിയത് ഇവരെയെല്ലാം ടീമിലെടുത്താണ്.

ക്രിസ് വോക്സിന് 7.4 കോടിയും ഉമേഷ് യാദവിന് 4.2 കോടിയും കോള്‍ട്ടര്‍നൈലിനും ഗ്രാന്‍ഡ്ഹോമിനും 2.2 കോടിയും നല്‍കിയാണ് ബംഗലൂരു ടീമിലെത്തിച്ചത്. അന്ന് കുറഞ്ഞ സ്കോറിന് പുറത്താക്കിയവരോടുള്ള മധുരപ്രതികാരമാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം.

2017 ഐപിഎല്ലില്‍ ബംഗലൂരു-കൊല്‍ക്കത്ത മത്സരത്തിന്റെ സ്കോര്‍ ബോര്‍ഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക