തിരിച്ചു വരവില്‍ രണ്ട് ഗോളുകള്‍ നേടി മെസി ആഘോഷിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. കളി തുടങ്ങി 20-ാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ച് ബെറ്റിസ് ഗോള്‍ നേടി

ബാഴ്സലോണ: പരിക്കില്‍ നിന്ന് മോചിതനായി നായകനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസി തിരിച്ചു വന്ന മത്സരത്തില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. കറ്റാലന്‍ ടീമിന്‍റെ സ്വന്തം മെെതാനമായ ക്യാമ്പ്നൗവില്‍ നടന്ന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസ് വിജയം പേരിലെഴുതിയത്.

തിരിച്ചു വരവില്‍ രണ്ട് ഗോളുകള്‍ നേടി മെസി ആഘോഷിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. കളി തുടങ്ങി 20-ാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ച് ബെറ്റിസ് ഗോള്‍ നേടി. ജൂനിയര്‍ ഫിര്‍പ്പോയാണ് ഗോള്‍ നേടിയത്. സമനില ഗോള്‍ നേടി ബാഴ്സ കളത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ അലറിയാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തി ജോവാക്വിന്‍ 34-ാം മിനിറ്റില്‍ ബെറ്റിസിന്‍റെ ലീഡ് ഉയര്‍ത്തി.

ഇതോടെ രണ്ട് ഗോളിന്‍റെ ആത്മവിശ്വാസവുമായി സന്ദര്‍ശക ടീം ഇടവേളയ്ക്ക് കയറി. രണ്ടാം പകുതിയില്‍ ബാഴ്സ ആഞ്ഞടിച്ചു. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസി വരവറിയിച്ചു. എന്നാല്‍, സമനില ഗോളിനുള്ള കറ്റാലന്‍സിന്‍റെ ശ്രമങ്ങള്‍ക്കിടെ സെല്‍സോയിലൂടെ ബെറ്റിസ് ലീഡ് വര്‍ധിപ്പിച്ചു.

ജയമുറപ്പിച്ച് ബെറ്റിസ് കുതിക്കുന്നതിനിടെ വിദാലിലൂടെ ബാഴ്സ വീണ്ടും തിരിച്ചടിച്ചു. ഇതോടെ കളിയുടെ ആവേശം വാനോളമായി. ചാമ്പ്യന്‍ ടീമിന്‍റെ പകിട്ടിന് മങ്ങലേല്‍പ്പിച്ച് 83-ാം മിനിറ്റില്‍ കനാലസും ഗോള്‍ നേടിയതോടെ സ്കോര്‍ 4-2 ആയി. അവിടെയും പ്രതീക്ഷകള്‍ അവസാനിപ്പിക്കാതെ ബാഴ്സ ആക്രമണങ്ങള്‍ മെനഞ്ഞു കൊണ്ടേയിരുന്നു.

അതിന് പ്രതിഫലമായി ഇഞ്ചുറി ടെെമില്‍ മെസി ഒരിക്കല്‍ കൂടെ വലചലിപ്പിച്ചെങ്കിലും അനിവാര്യമായ ജയം സ്വന്തമാക്കി റയല്‍ ബെറ്റിസ് കളം വിട്ടു. ഇതിനിടെ ഇവാന്‍ റാക്കിറ്റിച്ച് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തു പോയത് ബാഴ്സലോണയ്ക്ക് ഇരുട്ടടിയായി. 

Scroll to load tweet…