കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെര്‍ണബോവില്‍ സെല്‍റ്റയില്‍ നിന്നേറ്റ ഷോക്കിന് അതേ നാണയത്തില്‍ റയലിന് ഇന്ന് മറുപടി നല്‍കണം. ഇല്ലെങ്കില്‍ കോപ്പ ഡെല്‍ റെ കപ്പിന്റെ സെമി കാണാതെ സിദാന്റെ കുട്ടികള്‍ പുറത്താകും. പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ല റയലിന്. നാല്‍പത് തുടര്‍ജയങ്ങളുമായെത്തിയ റയല്‍ ലാലീഗയില്‍ സെവിയയോട് തോറ്റു. തൊട്ടു പിന്നാലെയായിരുന്നു കോപ്പ ഡെല്‍റെ കപ്പിന്റെ ആദ്യ പാദ ക്വാര്‍ട്ടറില്‍ സെല്‍റ്റയോട് 2-1 ന് തോറ്റത്. അതും സ്വന്തം തട്ടകത്തില്‍.
പരിക്കേറ്റ ലൂക്കാ മോഡ്രിച്ചും മാര്‍സെല്ലോയും ഇന്ന് റയല്‍ നിരയിലുണ്ടാവില്ല. കളിമെനയുന്ന മോഡ്രിച്ചും എതിരാളിയുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന മാര്‍സെല്ലൊയും ഇല്ലാത്തത് ടീമിന് കനത്ത പ്രഹരമാണ്. ഇതുവരെ പ്രമുഖര്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ വച്ചായിരുന്നു സിദ്ദാന്റെ പരീക്ഷണങ്ങള്‍. എന്നാല്‍ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഇറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇന്ന് സിദാന് മുന്നിലില്ല. അതേസമയം സെല്‍റ്റക്ക് മുന്നില്‍ സെമിയില്‍ കടക്കാനുള്ള സുവര്‍ണാവസരമാണുള്ളത്. മത്സരം നടക്കുന്നത് സ്വന്തം തട്ടകത്തിലാണ്. എവേ ഗോളിന്റെ ആനുകൂല്യം. കളി സമനില പിടിച്ചാലും അടുത്ത റൗണ്ട് ഉറപ്പ്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഐബറിനെ നേരിടും. ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ ജയത്തിന്റെ ആനുകൂല്യവുമായാണ് സിമിയോണിയും സംഘവും ഇറങ്ങുന്നത്.
