യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. യുവന്‍റസിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് റയല്‍ കിരീടം നിലനിര്‍ത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവിലാണ് റയലിന്‍റെ ജയം.
 
റയല്‍ തന്നെ രാജാക്കന്‍മാര്‍. സ്‌പാനിഷ് ലീഗിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗിലും റയലിന്‍റെ അശ്വമേധം. യുവന്‍റസിന്‍റെ പ്രതിരോധക്കോട്ടകള്‍  തകര്‍ത്തെറിഞ്ഞ റയലിന് പന്ത്രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം.

വലിയ കളികളുടെ തമ്പുരാന്‍ താന്‍തന്നെയെന്ന് തെളിയിച്ച് റൊണാള്‍ഡോ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടു. മാന്‍സുകിച്ചിന്‍റെ മിന്നും ഗോളിലൂടെ യുവന്‍റസിന്‍റെ മറുപടി.

രണ്ടാംപകുതിയില്‍ റയല്‍ മാത്രം. ആദ്യം കാസിമിറോയുടെ ലോംഗ്റേഞ്ചര്‍. തൊട്ടുപിന്നാലെ റൊണാഡോ മാജിക്.

ക്വാഡ്രാഡോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ യുവന്‍റസ് പത്തു പേരായി ചുരുങ്ങി. കിരീടധാരണം ആഘോഷമാക്കി അസെന്‍സിയോ.എസി മിലാന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമുമായി സിനദിന്‍ സിദാന്‍റെ റയല്‍. 1989ലും90ലുമായിരുന്നു മിലാന്‍റെ നേട്ടം.