റയല്‍ എന്‍റെ വീട്, അവസാന കാലത്തോളം അവിടെത്തന്നെ കളിക്കാനാണ് ആഗ്രഹം. കൂടുമാറ്റ അഭ്യൂഹങ്ങളോട് റയല്‍ മാഡ്രിഡ് താരം മാര്‍സലോ

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് റയല്‍ മാഡ്രി‍ഡിന്‍റെ ബ്രസീലിയന്‍ പ്രതിരോധതാരം മാര്‍സലോ. കരിയറിന്‍റെ അവസാനം വരെ റയലില്‍ കളിക്കുമെന്ന് മാര്‍സലോ വെളിപ്പെടുത്തി. ഈ സീസണിന്‍റെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതോടെ ഉറ്റ സുഹൃത്തായ മാര്‍സലോയും യുവന്‍റസിലെത്തുമെന്ന് പ്രചരണങ്ങളുണ്ടായിരുന്നു.

ഇറ്റാലിയന്‍ ക്ലബിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധമാണ്. വിനിഷ്യസ് ജൂനിയറിനെ പോലെ 18-ാം വയസില്‍ സ്‌പാനിഷ് ക്ലബിനൊപ്പം ചേര്‍ന്നതാണ്, കരിയറിന്‍റെ അവസാനംവരെ അവിടെ തുടരാനാണ് തീരുമാനം. പതിനെട്ടാം വയസിലെ അതേ ഊര്‍ജം ഇപ്പോഴുമുണ്ട്. റയലില്‍ അതീവ സംതൃപ്‌തനാണ് താന്‍. ഇവിടം വീട് പോലെയാണ്. കരാര്‍ പ്രകാരം ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ലോകത്തെ മികച്ച ക്ലബിനായി എക്കാലവും കളിക്കണം എന്നാണ് ആഗ്രഹം- റയല്‍ മാഡ്രിഡ് ടിവിയോട് താരം പറഞ്ഞു. 

2007ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനെന്‍സില്‍ നിന്നാണ് മാര്‍സലോ റയല്‍ മാഡ്രിഡിലെത്തിയത്. ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന്‍റെ പിന്‍ഗാമിയായി ലെഫ്റ്റ് ബാക്ക് പൊസിഷനിലായിരുന്നു മാര്‍സലോയുടെ അരങ്ങേറ്റം. കാര്‍ലോസിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ച മാര്‍സലോ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കുമാരില്‍ ഒരാളായി പേരെടുത്തു. റയല്‍ കുപ്പായത്തില്‍ മുന്നൂറിലധികം മത്സരങ്ങളില്‍ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.