മാഡ്രിഡ്: ലാലിഗയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി റയല്‍ മാഡ്രിഡ്. ലാ പാമാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ തോല്‍പിച്ചു. കസ്മിറോയും മാര്‍കോ അസെന്‍സിയോയും ഇസ്കോയുമാണ് റയലിനായി ഗോളുകള്‍ നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തമായ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകളും വിജയിച്ചു.

കരുത്തരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് ആഴ്സനലിനെ തകര്‍ത്തത്. സിറ്റി മൈതാനത്ത് നടന്ന മത്സരത്തില്‍ കെവിന്‍ ഡിബ്രുയറെയുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ മാഞ്ചസ്‌റ്റര്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യൂറോയും ഗബ്രിയേല്‍ ജീസസും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടി. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. അന്‍പത്തിയഞ്ചാംമിനിറ്റില്‍ ആല്‍‌വാരോ മൊറാട്ട ചെല്‍സിയുടെ നിര്‍ണായകഗോള്‍ നേടി. 11 കളിയില്‍ 31 പോയിന്‍റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തും യുണൈറ്റഡ് രണ്ടാം സ്ഥാനത്തും തുടരുകയാണ്. വിജയിച്ചെങ്കിലും ചെല്‍സി നാലാം സ്ഥാനത്താണ്.