ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ തടി കുറയ്ക്കുന്നു. അടുത്തിടെ സ്വന്തമാക്കിയ സ്‌പാനിഷ് ക്ലബ് റയല്‍ വല്ലഡോയിഡിനെ കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. 

മാഡ്രിഡ്: ആരാധകര്‍ക്ക് അടുത്ത സര്‍‌പ്രൈസുമായി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. മുന്‍ ലോകകപ്പ് ജേതാവായ റൊണാള്‍ഡോ സ്‌പാനിഷ് ക്ലബ് റയല്‍ വല്ലഡോയിഡിനെ സ്വന്തമാക്കിയത് അടുത്തിടെ ഫുട്ബോള്‍ വേദികളില്‍ വലിയ ചര്‍ച്ചയായിരുന്നു. ക്ലബിനെ കരകയറ്റാന്‍ തടി കുറച്ച് പരിശീലത്തിനിറങ്ങാന്‍ പദ്ധതിയിട്ടുകഴിഞ്ഞതായി താരം വെളിപ്പെടുത്തി. 

'കളിക്കാനുള്ള ആരോഗ്യക്ഷമത ഇപ്പോളില്ല. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ പരിശീലനം തുടങ്ങാനാണ് തീരുമാനം. തടി കുറച്ചാല്‍ കോച്ചിന്‍റെ സമ്മതത്തോടെ ടെക്‌നിക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കളിക്കാരെ സഹായിക്കാനാകും. ഇതാണ് റയല്‍ വല്ലഡോയിഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വര്‍ഷം. ലോകത്തെ മികച്ച പരിശീലന സൗകര്യങ്ങള്‍ ഇപ്പോള്‍ ക്ലബിനില്ല. എന്നാല്‍ താരങ്ങള്‍ക്കും അക്കാദമിക്കും ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും' മുന്‍ ബാലന്‍ ഡി ഓര്‍ ജേതാവ് പറഞ്ഞു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 മില്യണ്‍ യൂറോയ്ക്കാണ് ഇതിഹാസ താരം സ്‌പാനിഷ് ക്ലബിനെ സ്വന്തമാക്കിയത്. 51 ശതമാനം ഓഹരി സ്വന്തമായതോടെ ക്ലബിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേര്‍സ് തലവനായി സൂപ്പര്‍താരം മാറിയിരുന്നു. കരിയറിന്‍റെ അവസാന കാലത്താണ് പൊണ്ണത്തടി റൊണാള്‍ഡോയെ പിടികൂടിയത്. ഇതോടെ രണ്ട് ലോകകപ്പുകളും എണ്ണമറ്റ ക്ലബ് കിരീടങ്ങളും നേടിയ താരം ബൂട്ടഴിക്കുകയായിരുന്നു.