മാഡ്രിഡ്: സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയലിന്‍റെ മുന്നേറ്റം തുടരുന്നു. റയല്‍ മാ‍ഡ്രിഡ്, റയല്‍ സോദിദാദിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍വാരോ മൊറാട്ട, കൊവാകിച്ച് എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി.

രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ബാഴ്‌സലോണ, സെവിയ ടീമുകളേക്കാള്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടാനും ജയത്തോടെ റയലിനായി. മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസാണ് ബാഴ്‌സയെ പിടിച്ചു കെട്ടിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ലൂയിസ് സുവാരസിന്റെ ഇഞ്ചുറിടൈം ഗോളാണ് ബാഴ്സലോണയെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 75-ാം മിനിറ്റിൽ അലിഗ്രിയ മൊറീനോയിലൂടെ റയൽ ബെറ്റിസ് ലീഡ് നേടി. തോൽവി മുന്നിൽകണ്ട ബാഴ്സലോണ, അവസാന മിനിറ്റിൽ സൂപ്പർ താരം ലയണണൽ മെസി നൽകിയ പാസ് മുതലെടുത്ത് സുവാരസ് നേടിയ ഗോളിലൂടെ മുഖം രക്ഷിക്കുകയായിരുന്നു.

20 മത്സരങ്ങളിൽനിന്നു 42 പോയിന്‍റുമായി ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ. സെവിയ്യയ്ക്കും 42 പോയന്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സ മുന്നിലാണ്.