ഓസ്‌ട്രേലിയയില്‍ ചരിത്ര പരമ്പര നേട്ടത്തോടെ ഒരുപിടി നേട്ടങ്ങളാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു. എന്നാല്‍ മെല്‍ബണില്‍ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്‌നിയില്‍ മഴ കളിമുടക്കിയതോടെ സമനിലയില്‍  അവസാനിക്കുകയായിരുന്നു. കോലിപ്പട സ്വന്തമാക്കിയ ചില റെക്കോഡുകള്‍ നോക്കാം...

  • ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി. ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമിനും ഓസ്‌ട്രേലിയയില്‍ പരമ്പര വിജയിക്കാനായിട്ടില്ല.
  • മുന്‍പ് 11 തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തി. ഇതില്‍ ഒമ്പതിലും ഓസീസിനായിരുന്നു വിജയം. രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു. 1977-98ല്‍ ബിഷന്‍ സിങ് ബേദിയുടെയും 2003ല്‍ സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തില്‍ പോയ ടീമാണ് സമനില പിടിച്ചത്. 
  • വിജയത്തോടെ ഓവര്‍സീസില്‍ 12 വിജയങ്ങളായി കോലിയുടെ പേരില്‍. ഏറ്റവും കൂടുതല്‍ ഓവര്‍സീസ് വിജയങ്ങളെന്ന പേരും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് കോലി പിന്തള്ളിയത്.
  • ഓസ്‌ട്രേലിയയില്‍ കോലിക്ക്് മൂന്ന് ടെസ്റ്റ് വിജയങ്ങളായി. ഇത്രയും വിജയങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ ക്യാപ്റ്റനാണ് കോലി. ബിഷന്‍ സിങ് ബേദി, മുഷ്താഖ് മുഹമ്മദ് (പാക്കിസ്ഥാന്‍) എന്നിവരാണ് മറ്റു ക്യാപറ്റന്‍മാര്‍.