ബംഗ്ലാദേശിനെതിരെയുള്ള ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‍ക്ക് റെക്കോര്‍ഡ് ജയം. ഓപ്പണര്‍മാരായ ഹാഷിം അംലയുടെയും ക്വിന്റൺ ഡി കോക്കിന്റെ അപരാജിത സെഞ്ച്വറി പ്രകടനത്തിന്റെ മികവില്‍ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തകര്‍ത്തത്. വിക്കറ്റൊന്നും നഷ്‍ടപ്പെടാതെ ഏറ്റവും വലിയ (279) സ്കോര്‍ പിന്തുടര്‍ന്ന് വിജയിച്ചെന്ന റെക്കോര്‍ഡും ഇതോടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ശ്രീലങ്കയ്‍ക്ക് എതിരെ 255 റണ്‍സ് പിന്തുടര്‍ന്ന് വിക്കറ്റൊന്നും നഷ്‍ടമാകാതെ ഇംഗ്ലണ്ട് സ്വന്തമാക്കായി റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക പഴങ്കഥയാക്കിയത്. 42.5 ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്‍ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തില്‍ 278 റണ്‍സ് ആണ് എടുത്തത്. 116 പന്തുകളില്‍ നിന്ന് പുറത്താകാതെ 110 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‍ക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് 145 പന്തുകളില്‍ നിന്ന് രണ്ട് സിക്സറും 21 ഫോറുകളും ഉള്‍പ്പടെ പുറത്താകാതെ 168 റണ്‍സ് എടുത്തു. ഹാഷിം അല 112 പന്തുകളില്‍ നിന്ന് എട്ട് ഫോറുകള്‍ ഉള്‍പ്പടെ 110 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിലെ മൂന്നാമത്തെ വലിയ കൂട്ടുകെട്ടെന്ന (282) റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കി. ഒന്നാം വിക്കറ്റിലെ ഏറ്റവും വലിയ സ്കോര്‍ സ്വന്തമാക്കിയത് (286) ശ്രീലങ്കയുടെ സന്നത് ജയസൂര്യയും തരംഗയും ചേര്‍ന്നാണ്.