മിലാന്‍: ഫുട്ബോളില്‍ മഞ്ഞ കാര്‍ഡിനും ചുവപ്പ് കാര്‍ഡിനും പുറമെ പച്ച കാര്‍ഡും. കളിക്കളത്തില്‍ മാന്യതയും മികച്ച സ്‌പോര്‍ട്ട്മാന്‍ സ്‌പിരിറ്റും കാഴ്ച്ചവക്കുന്ന താരങ്ങള്‍ക്കാകും പച്ച കാര്‍ഡ് നല്‍കുക.ഇറ്റലിയിലെ ബി ഡിവിഷന്‍ ഫുട്ബോള്‍ ലീഗിലാണ് റഫറി ആദ്യമായി പച്ച കാര്‍ഡ് പുറത്തെടുത്തത്.
ഫുട്ബോളില്‍ കാര്‍ഡുകള്‍ കിട്ടുന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. മുന്നറിയിപ്പിന്റെ മഞ്ഞകാര്‍ഡും പുറത്താക്കലിന്റെ ചുവപ്പ് കാര്‍ഡും എപ്പോഴും കളിക്കളത്തിലെ അച്ചടക്കരാഹിത്യത്തിനുള്ള പിഴയാണ്.എന്നാല്‍ ഫുട്ബോളില്‍ പച്ചകാര്‍ഡ് നേടിയെടുക്കുക എന്നത് ഇനി ഏതൊരു കളിക്കാരനും ആഗ്രഹിക്കും.കാരണം പച്ചകാര്‍ഡ് ഇനിമുതല്‍ കളിക്കാരനുള്ള അംഗീകാരമാണ്.കളത്തില്‍ നിരന്തരം നടക്കുന്ന കയ്യാങ്കളികള്‍ തലവേദനയായപ്പോള്‍ ഇറ്റലിയിലെ ബി ഡിവിഷന്‍ ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടകരാണ് പച്ച കാര്‍ഡ് കൊണ്ടു വന്നത്.
ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ വിസെന്‍സെയും വിര്‍ട്ടസ് എന്‍റെല്ലെയും തമ്മിലുള്ള മത്സരത്തില്‍ ആദ്യമായി റഫറി പച്ചകാര്‍ഡ് പുറത്തെടുത്തു. കാര്‍ഡ് ലഭിച്ച വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റിയന്‍ ഗലാനോ അങ്ങനെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം നേടി.ഗലാനോ തന്നെ തൊടുത്ത കിക്ക് ഗോള്‍പോസ്റ്റിന് തൊട്ടുപുകളിലൂടെ പുറത്തേക്ക്.പന്ത് എതിര്‍ ടീം കളിക്കാര്‍ തട്ടിയകറ്റിയതാണ് എന്ന ഉറപ്പിച്ച് റഫറി വിന്‍സെയ്‌ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചു.
എന്നാല്‍ എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് ഗലാനോക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്.ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന കളിക്കാരന് സീസണിന്റെ അവസാനം പ്രത്യകേ പുരസ്ക്കാരവും നല്‍കും. ലീഗീല്‍ വാതുവെപ്പ് വിവാദങ്ങള്‍ നാണക്കേടായതോടെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സിരി ബി നടത്തിപ്പുകാര്‍ ഈ പുതിയ പരിഷ്ക്കാരം കൊണ്ടുവന്നത്.

