ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍  റീസാ ഹെന്‍ഡ്രിക്സിന് റെക്കോര്‍ഡ്. ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് റീസയെ തേടിയെത്തിയത്.

പല്ലക്കെലേ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റക്കാരന്‍റെ ഭയമില്ലാതെ സെഞ്ചുറി തികച്ച് റെക്കോര്‍ഡ് ബുക്കിലേക്ക് നടന്നുനീങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ റീസാ ഹെന്‍ഡ്രിക്സ്. ലങ്കന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്ത് 88 പന്തില്‍ 100 തികച്ച റീസ ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് പേരിലാക്കി.

മൂന്നാമനായി ക്രീസിലെത്തി 89 പന്തില്‍ 102 റണ്‍സ് റീസ അടിച്ചെടുത്തു. ഇതിനിടെ പറത്തിയത് എട്ട് ഫോറും ഒരു സിക്‌സും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡി കോക്ക് രണ്ട് റണ്‍സില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ താരം 49 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ അവസാന 18 പന്തില്‍ 29 റണ്‍സ് നേടി റീസ വേഗം സെഞ്ചുറിയിലെത്തി. നാലാം വിക്കറ്റില്‍ ഡുമിനിക്കൊപ്പം 73 പന്തില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മുപ്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ലഹിരു കുമാരയാണ് റീസയെ പുറത്താക്കിയത്. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 14-ാം താരവും മൂന്നാം ദക്ഷിണാഫ്രിക്കക്കാരനുമാണ്. കോളിന്‍ ഇന്‍ഗ്രാമും തെമ്പാ ബുവാമയുമാണ് മറ്റ് പ്രോട്ടീസ് താരങ്ങള്‍. റീസാക്കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് ദക്ഷിണാഫ്രിക്ക കുറിച്ചു.