ബയേണ്‍ മ്യൂനിക്കിനെതിരെ ഒന്നാം പാദത്തിലെ വിജയത്തിന്‍റെ ബലത്തിലാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ടിക്കറ്റ് ഉറപ്പിച്ചത്

മാഡ്രിഡ്: ബയേണ്‍ മ്യൂനിക്കിനെതിരെ ഒന്നാം പാദത്തിലെ വിജയത്തിന്‍റെ ബലത്തിലാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍ മത്സരം സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഇപ്പോഴും കത്തുകയാണ്. അതില്‍ പ്രധാനം പെനാല്‍റ്റി ബോക്‌സില്‍ വെച്ച് റയല്‍ താരം മാഴ്‌സലൊ പന്ത് കൈകൊണ്ട് തടഞ്ഞെന്നും അതിന് റഫറി പെനാള്‍ട്ടി അനുവദിച്ചില്ലെന്നതുമാണ്. റഫറിയെ റയല്‍ വിലക്ക് വാങ്ങിയെന്നുവരെയാണ് ബയേണ്‍ ആരാധകരുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടു മുമ്പായിരുന്നു കിമ്മിച്ചിന്‍റെ ക്രോസ് പെനാല്‍റ്റി ബോക്‌സില്‍ വെച്ച് മാഴ്‌സലൊ കൈ കൊണ്ട് തടഞ്ഞത്. പെനാള്‍ട്ടിയാണെന്ന് വാദിച്ച് ബയേണ്‍ താരങ്ങള്‍ എത്തിയെങ്കിലും റഫറി സമ്മതിച്ചില്ല. എന്നാല്‍ മത്സരശേഷം പന്ത് തന്‍റെ കയ്യില്‍ കൊണ്ടുവെന്ന് സമ്മതിച്ചിരിക്കുകയാണ് ബ്രസീലിയന്‍ താരം മാഴ്‌സലൊ.

Scroll to load tweet…

ആ പന്ത് തന്‍റെ കൈയില്‍ തട്ടിയിരുന്നുവെന്നും അത് മറച്ചുവെച്ചാല്‍ താന്‍ നുണയനാകുമെന്നും മാഴ്‌സലൊ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. നിങ്ങള്‍ക്ക് ആദ്യമേ അറിയാമല്ലോ ഞാന്‍ റഫറിയോട് സംസാരിക്കില്ലെന്ന്. നേരത്തെ തന്നെ അയാള്‍ ഞങ്ങള്‍ക്കെതിരേ തീരുമാനമെടുത്തിട്ടുണ്ട്. ഇവിടെ വന്ന് നിങ്ങള്‍ക്ക് മുന്നിലും എനിക്ക് റഫറിക്കെതിരേ സംസാരിക്കാനാവില്ല. പന്ത് കൈയില്‍ തട്ടിയില്ലെന്ന് പറഞ്ഞാല്‍ അതൊരു നുണയാകും-ബ്രസീല്‍ താരം വ്യക്തമാക്കി.

രണ്ടാം പാദത്തില്‍ 2-2ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് റയല്‍ ഫൈനലിലെത്തിയത്. ഒരു ഗോള്‍ കൂടി നേടാനായിരുന്നെങ്കില്‍ എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ ബയറണിന് ഫൈനലിലെത്താമായിരുന്നു.