Asianet News MalayalamAsianet News Malayalam

സച്ചിനോട് ഒരിക്കലും 'വെല്‍ പ്ലേയ്ഡ്' എന്ന് പറയാതിരുന്ന അച്‌രേക്കര്‍

ഒരിക്കൽ ഒരു സീനിയർ ടീമിന്റെ കളി സ്റ്റാൻഡ്‌സിലിരുന്ന് കാണാൻ വേണ്ടി സുപ്രധാനമായൊരു പരിശീലന മത്സരം മിസ്സാക്കിയ സച്ചിന് അച്‌രേക്കർ കരണം പുകച്ചൊരു അടിയാണ് കൊടുത്തത്.

Remebering Ramakant Achrekar
Author
Mumbai, First Published Jan 3, 2019, 12:10 PM IST

നമ്മുടെ നാട്ടിൽ ഒരുപാട് ക്രിക്കറ്റ് പരിശീലകരുണ്ട്. അവരിൽ ഒരാളാണ് രമാകാന്ത് അച്‌രേക്കറും. എന്നാൽ സച്ചിൻ ടെണ്ടുൽക്കറെയും വിനോദ് കാംബ്ലിയെയും പ്രവീൺ ആംറെയെയും പോലുള്ള പ്രതിഭാശാലികളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്, സാമ്പത്തിക പരിഗണനകൾക്കപ്പുറം അപൂർവമായ പ്രതിഭകളെ തിരഞ്ഞു പിടിക്കുന്നതിൽ അദ്ദേഹത്തിനുള്ള സിദ്ധി.

തന്റെ എൺപത്തി ഏഴാം വയസ്സിൽ മരണത്തിനു കീഴടങ്ങിയ അച്‌രേക്കർ, മുംബൈയിൽ ആസാദ് മൈദാൻ പോലുള്ള ശരാശരി ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ കളി മോഹങ്ങളുമായെത്തുന്ന  പാവപ്പെട്ട കുട്ടികൾക്ക് പ്രതീക്ഷകളും ഒരു ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാനുള്ള ക്രിക്കറ്റ് പാഠങ്ങളും പകർന്നുകൊടുക്കുന്ന, ക്‌ളാസ്സിക് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ദ്രോണാചാര്യന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നായിരുന്നു.

Remebering Ramakant Achrekarഎൺപതുകളിൽ പതിനാലുകാരനായ സച്ചിന്റെ ഫോർവേഡ് ഡിഫൻസിനെ പൂർണ്ണതയിലേക്കെത്തിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഒരു ട്രാക്ക്സ്യൂട്ടുമിട്ടു നിൽക്കുന  നിൽക്കുന്ന അച്‌രേക്കറുടെ അതിപ്രശസ്തമായൊരു ചിത്രമുണ്ട്. അന്നൊക്കെ, ക്രിക്കറ്റ് കോച്ചിങ്ങ്എത്ര പരിമിതമായ സാഹചര്യങ്ങളിൽ, ഗ്ലാമർ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒന്നായിരുന്നു എന്നതിന്റെ പരിച്ഛേദമാണ് ആ ചിത്രം.

Remebering Ramakant Achrekar83 ൽ ഇന്ത്യ ലോകകപ്പ് ജയിച്ചുവന്ന കാലമാണത്. ഇന്ത്യയിലെങ്ങും കൗമാരക്കാർ ക്രിക്കറ്റിലേക്ക് ആകൃഷ്ടരായ കാലം. കളിയുടെ തന്ത്രങ്ങളറിയുന്ന നല്ല പരിശീലകരെത്തേടി പിള്ളേർ നടക്കുന്ന കാലം. അച്‌രേക്കർ ഒരു കാര്യത്തിൽ വളരെ നിർബന്ധബുദ്ധിയായിരുന്നു, കളിക്കാൻ നല്ല സിദ്ധിയില്ലാത്ത ഒരു കുട്ടിയെപ്പോലും അദ്ദേഹം പരിശീലനത്തിനായി തിരഞ്ഞെടുക്കില്ലായിരുന്നു. സച്ചിനെയും അർദ്ധസഹോദരൻ അജിത്തിനെയും സ്വതന്ത്രമായി കളിക്കാൻ വിട്ട് മരങ്ങൾക്കു പിന്നിൽ മറഞ്ഞു നിന്ന് അദ്ദേഹം അവരുടെ കേളീശൈലി നിരീക്ഷിക്കുമായിരുന്നത്രെ. ഒരു രൂപാ നാണയമൊന്ന് സ്റ്റമ്പിനു മുകളിൽ വെച്ച് അദ്ദേഹം സച്ചിനെ ബൗൾഡാവാതിരിക്കാൻ പ്രലോഭിപ്പിക്കുമായിരുന്നു  എന്നൊരു പഴങ്കഥയും പറഞ്ഞുകേട്ടിട്ടുണ്ട്.

Remebering Ramakant Achrekarപരിശീലനം തീരും വരെ കുറ്റി തെറിച്ചില്ലെങ്കിൽ ആ ഒരു രൂപാത്തുട്ട് അദ്ദേഹം സച്ചിന് സമ്മാനിക്കുമായിരുന്നു. ആ നാണയം സമ്പാദിക്കാനായി തന്റെ വിക്കറ്റ് തിരിക്കാനനുവദിക്കാതെ സച്ചിനും കളിച്ചു അന്നൊക്കെ. അന്ന് അങ്ങനെ കഷ്ടപ്പെട്ട് സമ്പാദിച്ചുകൂട്ടിയ ആ ഒറ്റരൂപാത്തുട്ടുകൾ ഇന്നും സച്ചിന്റെ ശേഖരങ്ങളിലെ അമൂല്യനിധികളിലൊന്നാണ്.

ഒരിക്കൽ ഒരു സീനിയർ ടീമിന്റെ കളി സ്റ്റാൻഡ്‌സിലിരുന്ന് കാണാൻ വേണ്ടി സുപ്രധാനമായൊരു പരിശീലന മത്സരം മിസ്സാക്കിയ സച്ചിന് അച്‌രേക്കർ കരണം പുകച്ചൊരു അടിയാണ് കൊടുത്തത്. " നീ സ്റ്റാൻഡ്‌സിലിരുന്ന് കളി കാണേണ്ടവനല്ല, നിന്റെ പ്രകടനം കാണാൻ ആളുകൾ സ്റേഡിയങ്ങൾ നിറയ്ക്കുകയാണ് വേണ്ടത്.." എന്ന് അന്ന് അച്‌രേക്കർ സച്ചിനോട് പറഞ്ഞു. ഇങ്ങനെ അന്ന് അച്‌രേക്കറിന്റെ കീഴിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് പിന്നീട് അറിയപ്പെടുന്ന താരങ്ങളായ എല്ലാവർക്കും ഇതുപോലെ പല പല 'അച്‌രേക്കർ കഥകളും' സ്വന്തമായുണ്ടാവും. ചില്ലറക്കാരൊന്നുമല്ല ശിവാജി പാർക്കിൽ നിന്നും അച്‌രേക്കർ കണ്ടെടുത്ത മാണിക്യങ്ങൾ. ചന്ദ്രകാന്ത്പണ്ഡിറ്റ്,  അമോൽ മജുൻദാർ, അജിത് അഗാർക്കർ, ലാൽചന്ദ് രാജ്പുത് അങ്ങനെ പലരും അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ് സച്ചിനെന്ന ബാലൻ അക്കാലത്ത് മുംബൈയിലെ പല സ്റേഡിയങ്ങളിലും ഓടിനടന്ന് കളിച്ച് റൺസടിച്ചുകൂട്ടിയത്.  

Remebering Ramakant Achrekarതന്റെ ഇരുനൂറാമത്തെയും അവസാനത്തെയും ടെസ്റ്റു മത്സരം കഴിഞ്ഞുള്ള വിടവാങ്ങൽ പ്രസംഗത്തിൽ അച്‌രേക്കരെക്കുറിച്ച് സച്ചിൻ പറഞ്ഞു, " ഇനി വരുന്ന കളികളിൽ  ഞാൻ ഉഴപ്പിക്കളഞ്ഞാലോ എന്ന് ഭയന്നിട്ടാവും ഒരിക്കലും അദ്ദേഹം എന്നോട് 'വെൽ പ്ലെയ്‌ഡ്‌' എന്ന് പറഞ്ഞുകേട്ടിട്ടില്ല. ഇനി ഒരിന്നിംഗ്സ്‌ എന്റെ ജീവിതത്തിൽ ഇല്ല.. ഇന്ന് വേണമെങ്കിൽ അദ്ദേഹത്തിന് എന്നോട് 'വെൽ പ്ലെയ്‌ഡ്‌' എന്നൊന്ന് പറയാം.." അത് പറഞ്ഞു തീർന്നപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞിരുന്നു. അതായിരുന്നു ശരിക്കുള്ള 'അച്‌രേക്കർ മാജിക്ക്'. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനും അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ടതുമായ ശിഷ്യൻ അദ്ദേഹത്തിൽ നിന്നും അവസാനമായൊരു അംഗീകാരം കൊതിച്ച ആ അനർഘനിമിഷം.

സച്ചിന് അദ്ദേഹം ആഗ്രഹിച്ച ആ 'വെൽ പ്ലെയ്‌ഡ്‌ ' കിട്ടാനുള്ള ഭാഗ്യമുണ്ടായില്ല. അച്‌രേക്കർ വിടവാങ്ങിയപ്പോൾ അദ്ദേഹത്തിന് പ്രണാമമർപ്പിക്കാനെത്തിയ സച്ചിൻ അദ്ദേഹത്തിന് അന്ത്യചുംബനം അർപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു "വെൽ പ്ലെയ്‌ഡ്‌ സർ.. സ്വർഗ്ഗത്തിലും അങ്ങ് കോച്ചിങ്ങ് തുടരൂ.. "

Courtesy : Deccan Herald

 

Follow Us:
Download App:
  • android
  • ios