കൊല്‍ക്കത്ത: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേരളം 306 റൺസിന് പുറത്തായി. സഞ്ജു സാംസൺ 154 റൺസെടുത്തു. 292 പന്തുകൾ നേരിട്ട സഞ്ജു 24 ഫോറും ഒരു സിക്സും അടക്കമാണ് 154 റൺസെടുത്തത്.

7 വിക്കറ്റിന് 282 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിംഗ് പുനരാരംഭിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ജമ്മു കശ്മീർ 5 വിക്കറ്റിന് 106 റൺസ് എന്ന നിലയിൽ നിൽക്കേ മഴമൂലം മൂന്നാം ദിവസത്തെ കളി നിർത്തിവച്ചു.

ഇഖ്ബാൽ അബ്ദുള്ള മൂന്നും കെ മോനിഷ് രണ്ടും വിക്കറ്റ് വീഴ്ത്തി. മഴമൂലം രണ്ടാം ദിവസം ഏതാനും ഓവറുകള്‍ മാത്രമാണ് കളി നടന്നത്. ഒരു ദിവസം കൂടി ശേഷിക്കെ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി മൂന്ന് പോയന്റ് സ്വന്തമാക്കാനാവും കേരളം ശ്രമിക്കുക.