ദില്ലി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ അവസാന ഓവര്‍ നെഹ്‌റയ്ക്ക് നല്‍കാനുള്ള കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യ ജയമുറപ്പിച്ചശേഷമാണ് കോലി മത്സരത്തിലെ ഇരുപതാം ഓവര്‍ തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന നെഹ്‌റയ്ക്കു നല്‍കിയത്. അതിനുമുമ്പ് മുമ്പ് മൂന്നോവര്‍ പൂര്‍ത്തിയാക്കിയ നെഹ്റ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ കൈയടികളോടെയാണ് ആരാധകര്‍ വരവേറ്റത്. അവസാന ഓവറിലെ നെഹ്‌റയുടെ ഓരോ പന്തിനും ഗ്യാലറയില്‍ നിന്ന് ആരവമുയര്‍ന്നു. അവസാന ഓവര്‍തന്നെ എന്തുകൊണ്ടാണ് നെഹ്റയ്ക്ക് നല്‍കിയതെന്ന് മത്സരശേഷം സഞ്ജയ് മഞ്ജരേക്കര്‍ കോലിയോട് ചോദിച്ചിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ തവണ അവസാന ഓവര്‍ എറിഞ്ഞ താരത്തിന് അവസാനമായി ഒരിക്കല്‍കൂടി അതിനവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നു. അവസാന ഓവറുകളെറിയുക എന്നത് വലിയ സമ്മര്‍ദ്ദമാണ്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ സാഹചര്യം വ്യത്യസ്തമായിരുന്നു. സമ്മര്‍ദ്ദമില്ലാതെത്തന്നെ അദ്ദേഹത്തിന് പന്തെറിയാനായി. അവസാന രണ്ടോ മൂന്നോ ഓവറുകളില്‍ ഏതെങ്കിലും ഒന്ന് നെഹ്റയ്ക്ക് നല്‍കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ അവസാന ഓവര്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

Scroll to load tweet…

നെഹ്റയുടെ കൈയില്‍ നിന്ന് താന്‍ പുരസ്കാരം വാങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായതിനെക്കുറിച്ചും കോലി മനസുതുറന്നു. 2003 ലോകകപ്പ് ഫൈനലിനുശേഷം നെഹ്‌റ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആ പുരസ്കാരം വാങ്ങിയത്. അന്ന് എനിക്ക് സ്കൂള്‍ ടീമില്‍ പോലും സ്ഥാനുമറപ്പില്ലാത്ത കാലമായിരുന്നു. 19 വര്‍ഷം പേസ് ബൗളറായി കരിയര്‍ തുടരുക എന്നത് എത്രമാത്രം കഠിനമാണെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം അര്‍ഹിച്ച യാത്രയയപ്പുതന്നെയാണ് നല്‍കിയതെന്നും കോലി പറഞ്ഞു.