റിയോഡിജനീറോ: റിയോ ഒളിംപിക്‌സിന് ഇനി നൂറുനാള്‍. ഓഗസ്റ്റ് 5 മുതല്‍ 21 വരെയാണ് ഒളിംപിക്‌സ്. നൂറ് ദിനരാത്രങ്ങള്‍ക്കപ്പുറം ലോകം കാത്തിരിക്കുന്ന മാഹാമേളയ്ക്ക് റിയോയില്‍ തുടക്കം. ഏഥന്‍സിലെ ഒളിംപിയ സ്റ്റേഡിയത്തിലെ പാരബോളിക് കണ്ണാടിയില്‍ തെളിഞ്ഞ ദീപം ഓഗസ്റ്റ് അഞ്ചിന് ചരിത്രം ഉണര്‍ന്നിരിക്കുന്ന മാരക്കനയില്‍ എത്തുമ്പോള്‍ ലോക കായികോര്‍ജത്തിന്റെ വിളക്കുകള്‍ ജ്വലിക്കും. 

206 രാജ്യങ്ങളില്‍ നിന്ന് 10500 കായികതാരങ്ങള്‍ 28 ഇനങ്ങളില്‍ മാറ്റുരയ്ക്കും. 112 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോള്‍ഫും 92 വര്‍ഷത്തിന് ശേഷം റഗ്ബി സെവന്‍സും തിരിച്ചെത്തുന്നു എന്നത് തെക്കേ അമേരിക്ക വേദിയാകുന്ന ആദ്യ ഒളിംപിക്‌സിന്റെ സവിശേഷത. കോപ കബാന, ബാഹ, ഡിയോഡാരു, മാറക്കന എന്നീ നാല് മേഖലകളിലാണ് മത്സരങ്ങള്‍. 

രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലാണെങ്കിലും രാജ്യം ഒളിംപിക്‌സിന് സജ്ജമെന്ന് ബ്രസീല്‍ കായികമന്ത്രി റിക്കാര്‍ഡോ ലെയ്‌സര്‍ ആവര്‍ത്തിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ് ലോകകപ്പ് ഫുട്‌ബോളിലൂടെ കായികലോകത്തെ വിസ്മയിപ്പിച്ച ബ്രസീല്‍ വീണ്ടും വിളിക്കുകയാണ്.