പന്തിന്‍റെ ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച് ഇതിഹാസ താരം

മുംബൈ: ബാറ്റിംഗ് വെടിക്കെട്ട് കൊണ്ട് ക്രിക്കറ്റിന്‍റെ ശൈലി മാറ്റിയ താരമാണ് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. ബാറ്റിംഗ് കരുത്തില്‍ സനത് ജയസൂര്യയും, വീരേന്ദര്‍ സെവാഗുമെല്ലാം അദേഹത്തിന്‍റെ പിന്‍ഗാമിമാരായിരുന്നു. ഐപിഎല്‍ 11-ാം സീസണ്‍ അവസാനിച്ചപ്പോള്‍ പുതിയ കാലത്തെ പവര്‍ ഹിറ്റര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിന്‍ഡീസ് മുന്‍ നായകന്‍. 

'ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച യുവതാരം റിഷഭ് പന്താണ് അടുത്ത പവര്‍ ഹിറ്റര്‍. ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിനാകുന്നു'- റിച്ചാര്‍ഡ്സ് പറയുന്നു. ഡല്‍ഹിയുടെ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ 14 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ സെഞ്ചുറിയുമടക്കം 684 റണ്‍സാണ് അടിച്ചുകൂട്ടിയത്. 173.60 ആണ് പന്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. 

ഈ ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ താരങ്ങളായ കെ,എല്‍ രാഹുലും അമ്പാട്ടി റായുഡുവും, അഫ്‌ഗാന്‍ താരം റഷീദ് ഖാനും കാഴ്ച്ചവെച്ച പ്രകടനത്തിലും 66കാരനായ മുന്‍ വീന്‍ഡീസ് താരം ആകൃഷ്ടനാണ്. ഐപിഎല്ലില്‍ നരെയ്‌ന്‍, റെയ്‌ന, റസല്‍ എന്നവര്‍ കാഴ്ച്ചവെക്കുന്ന സ്ഥിരതയെയും റിച്ചാര്‍ഡ്സ് അഭിനന്ദിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലാണ് റിച്ചാര്‍ഡ്സ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.