സിഡ്നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ റോഡ്നി ഹോഗ്. ടീമില്‍ സ്മിത്ത് ഇഷ്ടക്കാരെ തിരുകി കയറ്റിയതാണ് ഇപ്പോഴത്തെ നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് ഹോഗ് ആരോപിച്ചു. ആഷ്ടണ്‍ അഗറും, ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റും, നിക് മാഡിസണും ഏകദിന ടീമിലെത്തിയത് സ്മിത്തിന്റെ അടുപ്പക്കാരായതുകൊണ്ടാണെന്നും ഹോഗ് ആരോപിച്ചു.

സ്വന്തം ഇഷ്ടക്കാരെ മാത്രം കുത്തിനിറച്ച് ടീമിനെ ഇറക്കിയാല്‍ ഇങ്ങനെ ഇരിക്കുമെന്നും ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് സ്വന്തം വഴിയിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും ഹോഗ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികവുറ്റ പ്രകടനം നടത്തിയിട്ടുള്ള ഇടം കൈയന്‍ ബൗളറായ ജോണ്‍ ഹോളണ്ടിനെ ടീമിലെടുക്കാതിരുന്നതിനെയും ഹോഗ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ടീം സെലക്ഷനില്‍ ക്യാപ്റ്റന്റെ റോള്‍ സംബന്ധിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനര്‍ചിന്തനം നടത്തണമെന്നും ഹോഗ് പറഞ്ഞു.ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിനെത്തുടര്‍ന്ന് ഓസീസ് ടീമിനെതിരെ നാട്ടില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.