മെല്‍ബണ്‍: വിശേഷണങ്ങളൊന്നും മതിയാകില്ല ഈ ഐതിഹാസിക വിജയത്തിന്. എഴുതിത്തള്ളിയവരെപ്പോലും അമ്പരപ്പിച്ച് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. മുപ്പത്തിയഞ്ചാം വയസ്സില്‍ റോജര്‍ ഫെഡറര്‍ക്ക് പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടത്തിന്‍റെ തിളക്കം. അഞ്ച് സെറ്റ് നീണ്ട ക്ലാസിക് ഫൈനലില്‍ റാഫേല്‍ നദാലിനെ കീഴടക്കിയാണ് ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-4, 3-6, 6-1, 3-6, 6-3. ഓസ്ട്രേലിയന്‍ ഓപ്പണിലെ ഫെഡററുടെ അഞ്ചാം കിരീടമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേടുന്ന ആദ്യ ഗ്രാന്‍സ്ലാമും.

പരുക്കും തിരിച്ചടികളും മറികടന്നെത്തിയ ഇതിഹാസങ്ങള്‍ മൂന്ന് മണിക്കൂറും 37 മിനിറ്റും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ ആരാധകര്‍ കളിയാവേശത്തിന്‍റെ മറുകര കണ്ടു. എന്തുകൊണ്ടാണ് താന്‍ ഇതിഹാസമാകുന്നെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഫൈനലില്‍ ഫെഡറര്‍ പുറത്തെടുത്തത്. ഒന്നും മൂന്നും സെറ്റുകള്‍ ഫെഡററര്‍ക്ക്.
രണ്ടും നാലും സെറ്റുകളില്‍ തിരിച്ചടിച്ച് റാഫേല്‍ നദാല്‍. ആദ്യ നാലു സെറ്റുകള്‍ ഇരുവരും പങ്കുവെച്ചപ്പോള്‍ നിര്‍ണായക അഞ്ചാം സെറ്റില്‍ പിന്നിലായിപ്പോയിട്ടും അവിശ്വസനീയ തിരിച്ചുവരവായിരുന്നു ഫെഡറര്‍ നടത്തിയത്. അഞ്ചാം സെറ്റിന്റെ ആദ്യ ഗെയിമില്‍ തന്നെ ഫെഡററെ ബ്രേക്ക് ചെയ്ത റാഫ നിര്‍ണായക മുന്‍തൂക്കം നേടിയതോടെ ഫെഡറര്‍ ഒരിക്കല്‍ കൂടി തലകുനിക്കുമെന്ന് കരുതിയവരെ അമ്പരപ്പിക്കുന്ന തിരിച്ചുവരവായിരുന്നു പിന്നീട് കണ്ടത്.

നദാലിന്റെ നാലാം ഗെയിം ബ്രേക്ക് ചെയ്ത ഫെഡറര്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നീട് ആസാമാന്യ മികവിലേക്കുയര്‍ന്ന ഫെഡററുടെ റിട്ടേണുകള്‍ക്ക് മുമ്പില്‍ റാഫയ്ക്ക് മറുപടിയില്ലായിരുന്നു. 1-3ന് പിന്നിലായശേഷമായിരുന്നു തുടര്‍ച്ചയായി അഞ്ചു ഗെയിം നേടി ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടത്.ടെന്നിസ് ലോകം കണ്ണിമചിമ്മാതെ കാത്തിരുന്ന
നിമിഷങ്ങളില്‍ പ്രായംതളര്‍ത്താത്ത ഫെഡറര്‍ അതുല്യനായപ്പോള്‍ നദാല്‍ കൊമ്പുകുത്തി, വീരോചിതമായി തന്നെ.