മുംബൈ: ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിന് സ്വന്തമായത് ഒരുപിടി റെക്കോര്‍ഡുകള്‍. അതില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേട്ടമാണ് ഏറ്റവുമധികം ശ്രദ്ധേയമായത്.
മത്സരത്തില്‍ 62 റണ്‍സെടുത്ത് ടീമിന്റെ വിജയത്തിന് അടിത്തറയിട്ട രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ റണ്‍വേട്ടക്കാരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് ഒന്നാമനായി. മുംബൈക്കായി 2334 റണ്‍സെടുത്ത സച്ചിന്റെ റെക്കോര്‍ഡാണ് ഇന്നലെ രോഹിത് മറികടന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍(8 തവണ) സച്ചിനും പൊള്ളാര്‍ഡിനുമൊപ്പമാണ് ഇപ്പോള്‍ രോഹിത്.
റോയല്‍ ചലഞ്ചേഴ്സിനെതെ അര്‍ധസെഞ്ചുറി നേടിയ രോഹിത് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനാണിപ്പോള്‍ രോഹിത്. 42 അര്‍ധസെഞ്ചുറികളാണ് ഇപ്പോള്‍ രോഹിതിന്റെ പേരിലുള്ളത്. 41 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഗംഭീറും കൊഹ്‌ലിയുമാണ് രോഹിത്തിന് തൊട്ടുപിന്നില്‍.
ഐപിഎല്ലില്‍ 150 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ഇന്നലെ രോഹിത സ്വന്തം പേരിലാക്കി. ക്രിസ് ഗെയില്‍(230), സുരേഷ് റെയ്ന(153) എന്നിവരാണ് സിക്സറുകളുടെ കാര്യത്തില്‍ രോഹിത്തിന് മുമ്പില്‍.
