മുംബൈ: ഐപിഎല്‍ 2018 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ‍നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. 15 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറെ മുംബൈ നിലനിര്‍ത്തിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റ് രോഹിതിന് ഓഫര്‍ ചെയ്തത് 17 കോടി ആയിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തന്‍റെ പ്രതിഫലം കുറയ്ക്കാന്‍ രോഹിത് മാനേജ്‌മെന്‍റിനോട് ആവശ്യപ്പെടുകയായിരുന്നു. 

നിലവില്‍ ബെംഗളുരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലിയാണ് ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം(17 കോടി) വാങ്ങുന്നത്. മുംബൈയുടെ ഓഫര്‍ സ്വീകരിച്ചരിരുന്നെങ്കില്‍ രോഹിതിന് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്താമായിരുന്നു. എന്നാല്‍ രണ്ട് കോടി കുറയ്ക്കാന്‍ രോഹിത് ആവശ്യപ്പെട്ടതിനാല്‍ 27, 28 തിയ്യതികളില്‍ നടക്കുന്ന താരലേലത്തില്‍ മുംബൈയ്ക്ക് അത് മുതല്‍ക്കൂട്ടാകും. മുംബൈ ഇന്ത്യന്‍സിനോടുള്ള രോഹിതിന്‍റെ അടുപ്പം വ്യക്തമാക്കുന്നതായി ഈ സംഭവം. 

ഈ തുകയ്ക്ക് മികച്ച ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സിനാകും. മുംബൈയ്ക്ക് 47 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാന്‍ ബാക്കിയുള്ളത്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് രോഹിത് ശര്‍മ്മ. 159 മത്സരങ്ങള്‍ കളിച്ച രോഹിത് 32.61 ശരാശരിയില്‍ 4207 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്.