കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ജയത്തിലെത്തിച്ചത് രോഹിത് ശര്‍മ-എംഎസ് ധോണി കൂട്ടുകെട്ടായിരുന്നു. 61/4 എന്ന സ്കോറില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തിയശേഷമാണ് ക്രീസ് വിട്ടത്. ഇതിനിടെ ഗ്യാലറിയില്‍ നിന്ന് കാണികളുടെ കുപ്പിയേറും ഗ്രൗണ്ടില്‍ ധോണിയുടെ ഉറക്കവുമെല്ലാം നടന്നു.
Also Read: 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ട 'കോലിപ്പട' ഇപ്പോള്‍ എവിടെയാണ് ?
ക്യാപ്റ്റനായിരുന്ന കാലത്ത് ഏത് സമ്മര്‍ദ്ദ സാഹചര്യങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടതിലൂടെ ക്യാപ്റ്റന്‍ കൂള്‍ എന്ന ഇരട്ടപ്പേര് സ്വന്തമാക്കിയ ധോണിക്ക് പുതിയ പേരിട്ടിരിക്കുകയാണ് രോഹിത് ശര്‍മ. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ക്രീസിലെത്തി കൂളായി കളിക്കുകയും ഇടയ്ക്ക് മത്സരം തടസപ്പെട്ടപ്പോള്‍ ഗ്രൗണ്ടില്‍ കിടന്ന് ചെറുമയക്കത്തിലേക്ക് വീഴുകയും ചെയ്ത ധോണിയെ ഐസ്‌മാന്‍ എന്നാണ് രോഹിത് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.
ഇന്നലെ മത്സരത്തിനിടെ ധോണിയുടെ ഉറക്കം കണ്ട് കമന്ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കര്‍ പറഞ്ഞത് ധോണി ഐസ്‌ലന്‍ഡുകാരനാണെന്നായിരുന്നു. അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത് എയര്‍ കണ്ടീഷണറിനോടും റഫ്രിജേറ്ററിനോടുമാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ലെന്നായിരുന്നു ഇരുവരുടെയും കമന്റ്. എന്തായാലും ക്യാപ്റ്റന്‍ കൂള്‍ പോലെ ഐസ്‌മാനും ഹിറ്റാവുമോ എന്നാണ് ധോണി ആരാധകരിപ്പോള്‍ ഉറ്റുനോക്കുന്നത്.
