നിദാഹാസ് ട്രോഫിയിലെ ആദ്യ ടി20യില്‍ പൂജ്യത്തിന് പുറത്ത്

കൊളംബോ: സ്ഥിരം നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് നിദാഹാസ് ത്രിരാഷ്ട്ര ടി20യില്‍ ഇന്ത്യയെ നയിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് രോഹിതിനെയാണ്. ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മോശം പ്രകടനം ശ്രീലങ്കയിലെ ആദ്യ മത്സരത്തിലും രോഹിത് തുടരുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്സിലെ നാലാം പന്തില്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ദുഷ്മാന്ദ ചമീരയ്ക്ക് മുന്നില്‍ രോഹിത് ഡക്കായി. ചമീരയെ സിക്സറിന് പായിക്കാനുള്ള രോഹിതിന്‍റെ ശ്രമം ജീവന്‍ മെന്‍ഡിസിന്‍റെ പറക്കും ക്യാച്ചില്‍ അസ്തമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ ഏകദിന-ടെസ്റ്റ്-ടി20 പരമ്പരകളില്‍ രോഹിത് ശര്‍മ്മ ദയനീയ പരാജയമായിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 19.50 ശരാശരിയില്‍ 78 റണ്‍സ് മാത്രമാണ് രോഹിത് അടിച്ചെടുത്തത്. ഏകദിനത്തിലാവട്ടെ ആറ് മത്സരങ്ങളില്‍ 28.33 ശരാശരിയില്‍ നേടാനായത് 170 റണ്‍സ് മാത്രം. ടി20യിലെ മൂന്ന് മത്സരങ്ങളില്‍ 32 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സംഭാവന. പരമ്പരയില്‍ 280 റണ്‍സാണ് ഹിറ്റ്മാന്‍ ആകെ നേടിയത്.