യോ യോ പാസായില്ലേ..., പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ
ഇന്ത്യന് ക്രിക്കറ്റില് ഏത് വലിയ താരമായാലും യോ യോ കായിക ക്ഷമതാ ടെസ്റ്റില് പാസായില്ലെങ്കില് ടീമിലുണ്ടാകില്ല. ഇതേ യോ യോ ടെസ്റ്റ് സംബന്ധിച്ച വാര്ത്തകളില് കഴിഞ്ഞ ദിവസം നിറഞ്ഞു നിന്ന താരമായിരുന്ന ഇന്ത്യന് ടീമിന്റെ വെടിക്കെട്ട് താരവും ഓപ്പണറുമായ രോഹിത് ശര്മ. രണ്ട് ദിവസത്തെ സസ്പെന്സിനുശേഷം രോഹിത് ശര്മ യോ യോ ടെസ്റ്റ് വിജയകരമായി പൂര്ത്തിയാക്കിയതായാണ് വാര്ത്തയെത്തിയത്.
യോ യോ ടെസ്റ്റില് വിജയിക്കാന് വേണ്ട 16.1 സ്കോര് താന് നേടിയതായി രോഹിത് തന്നെയാണ് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. ടെസ്റ്റ് പാസായി, അയര്ലന്ഡില് കാണാം എന്നായിരുന്നു തന്റെ ചിത്രത്തിന് രോഹിത് നല്കിയ അടിക്കുറിപ്പ്. 15നായിരുന്നു രോഹിത് ശര്മ യോ യോ ടെസ്റ്റിന് എത്തേണ്ടിയിരുന്നതെന്നും, എന്നാല് പരസ്യ കരാറുകള് പൂര്ത്തിക്കരിക്കേണ്ടതിനാല് 15ന് രോഹിത് എത്തിയിരുന്നില്ലെന്നും വാര്ത്തകളുണ്ടായിരുന്നു. 17ന് ടെസ്റ്റിന് ഹാജരായപ്പോഴാകട്ടെ ടെസ്റ്റ് പാസാവാനുള്ള മിനിമം സ്കോറായ 16.1 നേടുന്നതില് രോഹിത് പരാജയപ്പെട്ടുവെന്നുമായിരുന്നും വാര്ത്തകളെത്തി.
ഈ വാര്ത്തകള്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശര്മ. താന് ആദ്യ തവണ തന്നെ യോ യോ ടെസ്റ്റ് പാസായെന്നും തെറ്റായ വാര്ത്ത പ്രചരിപ്പിക്കരുതെന്നുമായിരുന്നു രോഹതിന്റെ മറുപടി. ട്വിറ്ററില് പോസ്റ്റ് ചെയ്ത കുറിപ്പില്, പ്രിയപ്പെട്ടവരെ, ഞാന് എവിടെയാണ് സമയം ചെലവഴിക്കേണ്ടതെന്ന് തനിക്കറിയാം, അതില് ആരും ഇടപെടേണ്ടതില്ല. ശരിയായ വാര്ത്തകളെ കുറിച്ച് ചര്ച്ച ചെയ്യാം. ആദ്യ തവണ തന്നെ താന് യോയോ ടെസ്റ്റ് പാസായി. മാധ്യമങ്ങള് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാര്ത്തകള് നല്കണമെന്നും രോഹിത് പറയുന്നു. നേരത്തെ യോ യോ ടെസ്റ്റില് പരാജയപ്പെട്ട അമ്പാട്ടി റായിഡുവിനെ ടീമില് നിന്ന് പുറത്താക്കിയിരുന്നു. പകരം സുരേഷ് റെയ്നയെയാണ് ടീമിലെടുത്തിരിക്കുന്നത്.
