മുംബൈ: ഐപിഎല്‍ ഒമ്പതാം സീസണിലലെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് അധികംപേര്‍ക്കും ഒരു ഉത്തരമേ ഉണ്ടാവുള്ളു. ടൂര്‍ണമെന്റിലെ ടോപ് സ്കോററും ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് നായകനുമായ വിരാട് കൊഹ്‌ലിയെന്ന്. എന്നാല്‍ ചോദ്യം മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയോടാണെങ്കില്‍ അല്‍പം വ്യത്യസ്തമായൊരു ഉത്തരമാവും ലഭിക്കുക. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെന്നായിരിക്കും ദാദയുടെ ഉത്തരം.
അതിന് ദാദയ്ക്ക് പറയാന്‍ വ്യക്തമായ കാരണമുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ നാലു കളികള്‍ കഴിഞ്ഞപ്പോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു രോഹിത്തിന്റെ മുംബൈ. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ രോഹിത് മുബൈയെ പോയന്റ് പട്ടികയില്‍ ആദ്യ നാലിലെത്തിച്ചു. രോഹിത് ആണ് ഇത്തവണ തന്റെ മനംകീഴടക്കിയതെന്നും ദാദ പറഞ്ഞു.
മുംബൈ കളിച്ച ഒമ്പത് കളികളില്‍ അഞ്ച് അര്‍ധസെഞ്ച്വറിളുള്‍പ്പെടെ 383 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ മികവിലാണ് മുംബൈ വിജയവഴിയില്‍ തരിച്ചെത്തിയത്. മുംബൈ ഫോമിലെത്തിയത് ശരിയായ സമയത്താണെന്നും പ്ലേ ഓഫിലെത്തുമെന്നും ഗാംഗുലി പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാഗലൂരുവിന് മോശം ബൗളിങ്ങ് പ്രകടനമാണ് വിനയായതെന്നും ഗാംഗുലി പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ റെയ്നയും മികവ് കാട്ടിയെന്നും ഗാംഗുലി പറഞ്ഞു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ രാഹുല്‍ ദ്രാവിഡും സഹീര്‍ ഖാനുമാണെന്നും ഗാംഗുലി പറഞ്ഞു. ആദ്യ കളിയില്‍ കേവലം 99 റണ്‍സിന് പുറത്തായ യുവാക്കളടങ്ങിയ ഒരു ടീമിനെ വിജയികളുടെ സംഘമാക്കിയത് ഇരുവരും ചേര്‍ന്നാണെന്നും ഗാംഗുലി പറഞ്ഞു.
