ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒരു താരത്തെ മിസ് ചെയ്തെന്ന് നായകന് രോഹിത് ശര്‍മ്മ. എന്നാല്‍ ആ താരം റണ്‍മെഷീന്‍ വിരാട് കോലിയാണെന്ന് തെറ്റിധരിക്കേണ്ട. ക്ലാസിക് ബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനെയെ മിസ് ചെയ്തെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രഹാനയുടെ പ്രാധാന്യം നായകന്‍ വ്യക്തമാക്കിയത്. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ നായകന്‍. 

ആദ്യ മത്സരത്തില്‍ 112 റണ്‍സിന് പുറത്തായ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രഹാനയ്ക്ക് പകരം പുതുമുഖം ശ്രേയാംസ് അയ്യറെയാണ് ഇന്ത്യ കളിപ്പിച്ചത്. ഒന്‍പത് റണ്‍സ് എടുക്കാന്‍ മാത്രമെ അയ്യര്‍ക്കായുള്ളൂ. എന്നാല്‍ രഹാന ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ആണെന്നും അതിനാലാണ് പരിഗണിക്കാതിരുന്നതെന്നുമാണ് രോഹിതിന്‍റെ വാദം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ശ്രേയാംസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവര്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.