Asianet News MalayalamAsianet News Malayalam

വിരോധികള്‍ വായടക്കൂ; ഇത് രോഹിത് ശര്‍മയുടെ നല്ലകാലം

  • ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റനായ ശേഷം നല്ല ദിവസങ്ങളാണ് രോഹിത് ശര്‍മയ്ക്ക്. ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ കീഴിലുളള ടീം ഫൈനലിലെത്തിയെന്ന് മാത്രമല്ല, ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. 
rohit sharma shines as captain and batsmen
Author
Dubai - United Arab Emirates, First Published Sep 24, 2018, 7:48 PM IST

ദുബായ്: ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റനായ ശേഷം നല്ല ദിവസങ്ങളാണ് രോഹിത് ശര്‍മയ്ക്ക്. ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ കീഴിലുളള ടീം ഫൈനലിലെത്തിയെന്ന് മാത്രമല്ല, ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിക്കുന്നുണ്ട്. അവസാനമായി പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടാനും രോഹിത്തിനായി. ക്യാപ്റ്റന്റേയും ശിഖര്‍ ധവാന്റേയും സെഞ്ചുറിയുടെ കരുത്തിലാണ് പാക്കിസ്ഥാനെതിരേ ഇന്ത്യ അനായാസ ജയം നേടിയത്. 

ഇന്നലെ 19ാം ഏകദിന സെഞ്ചുറിയാണ് രോഹിത് സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരേ ആദ്യത്തേതും. മൊത്തത്തില്‍ കളിച്ച ഇന്നിങ്‌സ് പരിശോധിച്ചാല്‍ ഏറ്റവും വേഗത്തില്‍ 19 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയവരുടെ ലിസ്റ്റില്‍ നാലാമതാണ് രോഹിത്. 181 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 19 സെഞ്ചുറികള്‍ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (104 ഇന്നിങ്‌സ്), വിരാട് കോലി (124), എബി ഡി വില്ലിയേഴ്‌സ് (171) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ള താരങ്ങളാണ്.

ഏകദിനത്തില്‍ 7000 റണ്‍സും താരം പൂര്‍ത്തിയാക്കി. 7000 ക്ലബിലെത്തുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് നാലാം സ്ഥാനത്തെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോലി (35), സൗരവ് ഗാംഗുലി (22) എന്നിവരാണ് രോഹിത്തിന്റെ മുന്നിലുള്ളത്. സഹഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്നലെ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിരുന്നു. യുവരാജിനെയാണ് ധവാന്‍ മറികടന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനൊപ്പമെത്താനും ധവാന് സാധിച്ചു.

Follow Us:
Download App:
  • android
  • ios