ബംഗലൂരു: ഓസ്ട്രേലിയ ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മോഹിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് ശര്‍മയ്ക്കു പകരം കൂടുതല്‍ അക്രമണോത്സുകത പുറത്തെടുത്തത് അജിങ്ക്യാ രഹാനെയായിരുന്നു. ആദ്യം ഫിഫ്റ്റി അടിച്ചതും രഹാനെ തന്നെ. എന്നാല്‍ സിക്സറുകളുമായി രോഹിത് ശര്‍മ കളം നിറഞ്ഞതോടെ ഓസ്ട്രേലിയയുടെ ചങ്കിടിച്ചു.
ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ ഗ്രൗണ്ടില്‍ രോഹിത് മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്താനിരിക്കെ അപ്രതീക്ഷിതമായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് വില്ലനായി. സ്മിത്തിന്റെ അത്യുജ്ജ്വല ഫീല്‍ഡിംഗില്‍ രോഹിത് റണ്ണൗട്ടായി. കോലി റണ്ണിനായി ഓടിയശേഷം തിരിച്ചോടിയതോടെ കോലിയും രോഹിത്തും ഒരേസമയം ഒരു ക്രീസിലെത്തി. സ്മിത്തിന്റെ ത്രോ വിക്കറ്റില്‍ കൊണ്ടില്ലെങ്കിലും പന്ത് ലഭിച്ച ഫീല്‍ഡര്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് കൈമാറി. ഈസമയം തിരിച്ചോടി വീണ്ടും ക്രീസില്‍ കയറാനുള്ള ശ്രമം വിഫലമായി.
55 പന്തില്‍ 65 റണ്‍സുമായി ക്രീസില്‍ നിലയുറുപ്പിച്ചിരുന്ന രോഹിത്ത് വീണതാണ് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത്. അഞ്ച് സിക്സറും ഒരു ബൗണ്ടറിയും സഹിതമാണ് രോഹിത്ത് 65 റണ്‍സെടുത്തത്. ഇതിന് പിന്നാലെ കോലിയും വീണു. വമ്പനടികള്‍ക്കുള്ള കെല്‍പ്പുള്ള രോഹിത് ക്രീസിലുണഅടായിരുന്നെങ്കില്‍ ഇന്ത്യക്ക് ജയം അപ്രാപ്യമല്ലായിരുന്നു.
