മൊഹാലി: ആദ്യ കളിയിലെ പരാജയത്തിന് പകരംചോദിക്കാനിറങ്ങിയ ഇന്ത്യ രണ്ടാം ഏകദിനത്തിൽ വമ്പൻ സ്‌കോറിലേക്ക്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ 39.4 ഓവറിൽ ഒന്നിന് 237 റണ്‍സ് എന്ന നിലയിലാണ്. താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ(100) തകര്‍പ്പൻ സെഞ്ച്വറിയും ഓപ്പണര്‍ ശിഖര്‍ ധവാന്‍(68), ശ്രേയസ് അയ്യര്‍(പുറത്താകാതെ 61) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്. ആദ്യ മൽസരത്തിൽ തകര്‍ന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര വേഗത്തിൽ താളം കണ്ടെത്തുന്നതാണ് മൊഹാലിയിൽ കാണാനായത്. ഒന്നാം വിക്കറ്റിൽ രോഹിതും ധവാനും ചേര്‍ന്നെടുത്ത 115 റണ്‍സാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് അടിസ്ഥാനമായത്. ധവാന് പകരമെത്തിയ പുതുമുഖതാരം ശ്രേയസ് അയ്യര്‍, രോഹിതിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയതോടെ ഇന്ത്യ സുരക്ഷിതമായ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ പതിനാറാം സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ 115 പന്തിൽനിന്നാണ് മൂന്നക്കത്തിലെത്തിയത്. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ഏകദിനത്തിലെ 23-ാം അര്‍ദ്ധശതകം തികച്ച ധവാൻ 67 പന്തിൽനിന്ന് ഒമ്പത് ബൗണ്ടറി ഉള്‍പ്പടെയാണ് 68 റണ്‍സെടുത്തത്. 55 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് ശ്രേയസ് അയ്യര്‍ 61 റണ്‍സെടുത്തത്.
ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ വിജയം അനിവാര്യമാണ്. പുതുമുഖതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെ ഇക്കുറിയും മാനേജ്മെന്‍റ് തഴഞ്ഞു.
