Asianet News MalayalamAsianet News Malayalam

വീണിടത്ത് നിന്ന് ജയിച്ചുകയറിയ രോഹിതാണ് നായകന്‍

rohith sharma won first series as caption
Author
First Published Dec 17, 2017, 8:29 PM IST

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയുടെ തുടക്കം ഇന്ത്യക്ക് ശോഭനമായിരുന്നില്ല. നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വിയറിഞ്ഞു രോഹിത് ശര്‍മ്മ. സൂപ്പര്‍താരം വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യക്ക് പരമ്പര നേടാന്‍ കഴിയില്ലെന്ന് പലരും വിലയിരുത്തി. എന്നാല്‍ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ രോഹിത് ശര്‍മ്മ വിശാഖപട്ടണത്തു നിന്ന് തലയുയര്‍ത്തിയാണ് മടങ്ങുന്നത്. 

ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയതിന്‍റെ ആഹ്ലാദത്തിലാണ് ഇന്ത്യ ലങ്കയെ ആദ്യ ഏകദിനത്തില്‍ നേരിടാനിറങ്ങിയത്. എന്നാല്‍ മത്സരത്തില്‍ സന്ദര്‍ശകരായ ലങ്ക എഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ രോഹിത് ശര്‍മ്മക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. പ്രതാഭകാലത്തിന്‍റെ നിഴല്‍ മാത്രമായ ലങ്കയോട് ഇന്ത്യ വെറും 112 റണ്‍സിന് പുറത്തായി. നായകന്‍ രോഹിത് ശര്‍മ്മക്ക് വെറും രണ്ട് റണ്‍സ് മാത്രമാണ് എടുക്കാനായത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരട്ട സെഞ്ചറിയുമായി രോഹിത് തകര്‍ത്താടിയപ്പോള്‍ ഇന്ത്യ 141 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 208 റണ്‍സെടുത്ത രോഹിതിന്‍റെ മികവില്‍ 392 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ഏകദിനത്തില്‍ രോഹിതിന്‍റെ മൂന്നാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. മറുപടി ബാറ്റിംഗില്‍ മാത്യൂസ് സെഞ്ചുറി നേടിയിട്ടും ലങ്കക്ക് 251 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഇതോടെ കണ്ണുകള്‍ മുഴുവന്‍ വിശാഖപട്ടണത്തെ മൂന്നാം ഏകദിനത്തിലായി. 

ഇരുടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ചാണ് വിശാഖപട്ടണം അങ്കത്തിന് ഇറങ്ങിയത്. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം. പ്രതീക്ഷകളുടെ ചിറകുവിരിച്ച് ശ്രീലങ്കയെ ഇന്ത്യ 215 റണ്‍സിന് പുറത്താക്കി. ശ്രീലങ്കയുര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ 2-1ന് പരമ്പര സ്വന്തമാക്കി രോഹിതും സംഘവും തലയുയര്‍ത്തി മടങ്ങുകയാണ്.

Follow Us:
Download App:
  • android
  • ios