അണ്ടര്‍ 17 ലോകകപ്പ് ഭാവിയുടെ വാഗ്ദാനങ്ങളെ കണ്ടെടുക്കുന്ന മഹാമേളയാണ്. കൗരമാര ലോകകപ്പിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നാണ് ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ.
റൊണാള്‍ഡീഞ്ഞോ- പന്ത് കാലില്‍ വയ്ക്കുന്ന ഓരോ നിമിഷവും പ്രതിഭയുടെ നിര്‍വ്വചനമായി മാറിയ പ്രതിഭാസം. തന്റെ ഗെയിമിനെ ആസ്വദിക്കാന്‍ മാത്രമറിയുന്ന ഫുട്‌ബോളര്‍. ലോകകപ്പ്, കോണ്‍ഫെഡറേഷന്‍ കപ്പ്, ചാംപ്യന്‍സ് ലീഗ്, ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം അങ്ങനെ റൊണാള്‍ഡീഞ്ഞോയുടെ മുന്നില്‍ കീഴടങ്ങാത്ത കിരീടങ്ങളോ കളിത്തട്ടുകളോ ഇല്ലെന്ന് തന്നെ പറയാം.
1997ല്‍ ഈജിപ്ത് ആതിഥ്യമരുളിയ അണ്ടര്‍ 17 ലോകകപ്പിന്റെ കണ്ടെത്തലായിരുന്നു റൊണാള്‍ഡീഞ്ഞോ. ഡീഞ്ഞോയുടെ മികവില്‍ അന്ന് ഘാനയെ തകര്‍ത്ത് ബ്രസീല്‍ ജേതാക്കളായി. അണ്ടര്‍ 17 ലോകകപ്പ് കാനറികള്‍ ആദ്യമായി നേടിയതും അന്നായിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഡീഞ്ഞോ, ഫിഫ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍. തനിക്ക് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള വാതില്‍ തുറന്നത് ഈ ടൂര്‍ണമെന്റായിരുന്നുവെന്നും ആ കപ്പുയര്‍ത്താന്‍ സാധിച്ചത് ജീവിതത്തിലെ മനോഹര നിമിഷങ്ങളിലൊന്നാണെന്നും ഡീഞ്ഞോ പറയുന്നു. ഇത്തവണത്തെ അണ്ടര്‍ 17 ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന ഇതിഹാസതാരത്തിന് കൗമാര താരങ്ങളോട് പറയാനുള്ളത് ഇതാണ്- നിങ്ങളുടെ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലാണ് നിങ്ങളെത്തി നില്‍ക്കുന്നത്. വലിയ വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ക്ക് അത് പ്രാവര്‍ത്തികമാക്കാനുള്ള മികച്ച അവസരമാണ് ഈ ടൂര്‍ണമെന്റ് നല്‍കുക. ഒരുപിടി റൊണാള്‍ഡീഞ്ഞോമാരെ ഈ ലോകകപ്പും സമ്മാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
