112 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില്‍പ്പനയോടെ  റയലിന് നഷ്ടമായതെന്ന് റിപ്പോര്‍ട്ട്

റോം: 112 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില്‍പ്പനയോടെ റയലിന് നഷ്ടമായതെന്ന് റിപ്പോര്‍ട്ട്. റയലിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു. കായിക ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നത്. ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡായ റയല്‍ മാഡ്രിഡിനുള്ളതിനേക്കാള്‍ ഫോളോവേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോക്കുണ്ട്. നാനൂറു ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും റൊണാള്‍ഡോ സമ്പാദിക്കുന്നത്. റൊണാള്‍ഡോയെ സ്വന്തമാക്കി വെച്ചിരിക്കുന്ന ക്ലബ് എന്ന രീതിയില്‍ 250 ദശലക്ഷം യൂറോയാണ് റയല്‍ മാഡ്രിഡിന് താരം വഴി വരുമാനമായി ലഭിക്കുന്നത്. 

റയല്‍ മാഡ്രിഡിലെ മറ്റൊരു താരവും റൊണാള്‍ഡോയുടെ അടുത്തു പോലുമെത്തുന്ന വരുമാനം ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്നില്ല. റയല്‍ താരങ്ങള്‍ ക്ലബിനു ഉണ്ടാക്കിക്കൊടുക്കുന്ന മൊത്തം വരുമാനത്തിന്‍റെ നാല്‍പത്തിമൂന്നു ശതമാനവും ലഭിച്ചിരുന്നത് റൊണാള്‍ഡോ വഴിയായിരുന്നു. റയലിനു മാത്രമല്ല, നെയ്മര്‍ക്കു പിന്നാലെ റൊണാള്‍ഡോ സ്‌പെയിന്‍ വിട്ടത് ലാലിഗയെയും ബാധിക്കുമെന്നുറപ്പാണ്.

അതേ സമയം റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ വഴി യുവന്‍റസിന് നേട്ടം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയില്‍ യുവന്‍റസിന്‍റെ ഷെയറുകളുടെ മൂല്യം മുപ്പതു ശതമാനത്തില്‍ അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, യുവന്‍റസിന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ മാത്രം പതിനൊന്നു ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.