മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക്. മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ നേട്ടം. അഞ്ച് തവണ പുരസ്കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും റൊണാൾഡോക്കായി.

കാൽപ്പന്തുകളിയിലെ ഒറ്റയാൻ ഒരിക്കൽകൂടി ഈഫൽ ടവറോളം ഉയരത്തിലെത്തി. മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്കാരത്തിന് പിന്നാലെ ബാലണ്‍ ഡി ഓറും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം.

റയലിന്റെ ചാന്പ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങൾക്കായി കഴിഞ്ഞ സീസണിൽ 37 തവണയാണ് റോണോ ലക്ഷ്യം കണ്ടത്. ചാന്പ്യൻസ് ലീഗ് ഫൈനലിലെ ഇരട്ടഗോളുകളും ഇക്കൂട്ടത്തിലുണ്ട്.

പതിവുപോലെ ലിയോണൽ മെസ്സി തന്നെയായിരുന്നു ഇത്തവണയും പുരസ്കാരത്തിലേക്കുള്ള വഴിയിലെ പ്രധാന എതിരാളി. മെസ്സി രണ്ടാമതെത്തിയപ്പോൾ നെയ്മര്‍ മൂന്നാം സ്ഥാനത്തായി. അഞ്ച് ബാലണ്‍ ഡി ഓറെന്ന മെസ്സിക്ക് മാത്രം സ്വന്തമായിരുന്ന നേട്ടത്തിനൊപ്പമെത്താനും ഇതോടെ റയൽ താരത്തിനായി.