മാഡ്രിഡ്: ഗോളടിക്കുന്നില്ലെന്ന വിമര്‍ശനങ്ങളെ ഗോള്‍പോസ്റ്റിന് പുറത്തേക്കടിച്ച് ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.തനിക്ക് ഏഴു വീതം കുട്ടികളും ബാലന്‍ ഡി ഓറും വേണമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. വിരമിക്കല്‍ മുറവിളി കൂട്ടുന്നവരോട് കളി തുടരുമെന്ന പ്രഖ്യാപനമാണ് റൊണാള്‍ഡോ നടത്തിയത്. ഇനിയും വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കാനുണ്ടെന്നും റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ താരം പറഞ്ഞു. 

ലാ ലിഗയില്‍ താരം തുടരുന്ന ഫോമില്ലായ്മ റയലിന്‍റെ മുന്നേറ്റത്തിന് തന്നെ വലിയ ഭീഷണിയായിരുന്നു. അവസാന ഏഴ് ലാലിഗ മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് റൊണാള്‍ഡോ നേടിയത്. തുടര്‍ന്ന് ക്രിസ്റ്റ്യനോയുടെ ഫോമിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ ഫുട്ബോള്‍ ലോകത്ത് ചൂടുപിടിച്ചു. റയലിലേക്ക് കൂടുതല്‍ സൂപ്പര്‍താരങ്ങളെ എത്തിക്കാനുള്ള മാനേജ്മെന്‍റിന്‍റെ ശ്രമത്തെ താരം എതിര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഭേദപ്പെട്ട രീതിയിലി‍ല്‍ കളിക്കുന്ന താരം നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് തവണ വലകുലുക്കി. എല്ലാ യോഗ്യതകളോടും ഗ്രൂപ്പില്‍ നിന്ന് വിജയിക്കാനാണ് ശ്രമം. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള റയല്‍ മാഡ്രിഡ് എതിരാളികളെ ഭയക്കുന്നില്ല. താന്‍ സന്തുഷ്ടനാണെന്നും മികച്ച പ്രകടനത്തിനായി കാത്തിരിക്കണമെന്നും ക്രിസ്റ്റ്യാനോ ആരാധകരോട് ആവശ്യപ്പെട്ടു. 

അതിനിടെ പോര്‍ച്ചുഗീസ് താരം മോശം ഫോം തുടരുന്നതിനിടെ പിഎസ്ജിയുടെ സ്‌ട്രൈക്കര്‍ നെയ്മറെ റയലിലേക്ക് ക്ഷണിച്ച് സെര്‍ജിയോ റാമോസ് കഴിഞ്ഞ ദിവസം രംഗത്തെത്തി. അടുത്ത മാസം പ്രഖ്യാപിക്കുന്ന ബാലന്‍ ഡി ഓര്‍ നേടിയാല്‍ ക്രിസ്റ്റ്യാനോയുടെ പുരസ്കാരങ്ങളുടെ എണ്ണം അഞ്ചാകും. ക്രിസ്റ്റ്യാനോയ്ക്ക് നാലാം കുഞ്ഞ് പിറന്നതിന്‍റെ പശ്ചാത്തലത്തിലാണ് താരം സരസമായി തനിക്കെതിരായ വിമര്‍ശനങ്ങളെ നേരിട്ടത്.