യൂവേഫയുടെ 2017-18 സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയില്‍ റോണോ, സലാ, മോഡ്രിച്ച് എന്നിവര്‍. ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡ് ടീമിലംഗമായിരുന്നു റൊണാള്‍ഡോയും മോഡ്രിച്ചും. സലാ ലിവര്‍പൂളിനെ ഫൈനലിലെത്തിച്ചിരുന്നു. 

നിയോണ്‍: യൂവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിലെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കിയ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് എന്നിവര്‍ അവസാന പട്ടികയിലുണ്ട്. ലിവര്‍പൂളിനെ ഫൈനലിലെത്തിച്ച ഈജിപ്‌ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായാണ് മൂന്നാമന്‍. 

ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ 15 ഗോളുകള്‍ റോണോ അടിച്ചുകൂട്ടിയിരുന്നു. അതേസമയം 13 കളികളില്‍ 10 ഗോളുകള്‍ സലാ സ്വന്തമാക്കി. എന്നാല്‍ ഗോളടിയില്‍ പിന്നിലാണെങ്കിലും റയലിന്‍റെ കളിമെനയുന്നതിലും ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചതിലും മോഡ്രിച്ചിന്‍റെ സംഭാവന വലുതായിരുന്നു. ലോകകപ്പിലെ മികച്ച താരമാകാനും മോഡ്രിച്ചിനായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ സലാ ചാമ്പ്യന്‍സ് ലീഗില്‍ ക്ലബിനെ ഫൈനലിലുമെത്തിച്ചു. 

ഗ്രീസ്‌മാന്‍, മെസി, എംബാപ്പെ, ഡിബ്രുയിന്‍, വരാനെ, ഹസാര്‍ഡ്, റാമോസ് എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളത്. ഓഗസ്റ്റാണ് 30നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്കാരം. എന്നാല്‍ റയലിലെ മികവ് പരിഗണിച്ചാണ് റൊണാള്‍ഡോ ഇക്കുറി ഫൈനലിലെത്തിയതെങ്കിലും പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ താരം ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലാണ് കളിക്കുന്നത്. മെസി, ഇനിയേസ്റ്റ, റിബറി എന്നിവരാണ് മുന്‍പ് പുരസ്‌കാരം നേടി മറ്റുള്ളവര്‍.