മാഡ്രിഡ്: ഫുട്ബോളിലെ ക്ലാസിക് പോരാട്ടമാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ. അതിനാല്‍ ഇരുടീമുകള്‍ക്കും അഭിമാന പോരാട്ടമാണിത്. അതിനാല്‍ ഉയിരും കഴിവും പൂര്‍ണ്ണമായും പുറത്തെടുത്ത് താരങ്ങള്‍ കളിക്കുമെന്ന് ചുരുക്കം. എന്നാല്‍ ശനിയാഴ്ച്ച സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍താരം റൊണാള്‍ഡോ കളിക്കുമോയെന്ന് ആശങ്ക. 

വ്യാഴാഴ്ച്ച ടീം നടത്തിയ പരിശീലനത്തിന് റൊണാള്‍ഡോ കളത്തിലിറങ്ങിയില്ല. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് റൊണോ പരിശീലനം നടത്തിയെന്ന് റയല്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എല്‍ ക്ലാസിക്കോ മെസിയുമായുള്ള സൂപ്പര്‍താര പോരാട്ടം കൂടിയായതിനാല്‍ റൊണാള്‍ഡോ വിട്ടുനില്‍ക്കാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. എന്തായാലും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശനിയാഴ്ച്ചത്തെ ക്ലബ് യുദ്ധത്തിനായി.